നിലവിലെ കാബിനറ്റിൽ മോദി മാറ്റം വരുത്തും. സഹമന്ത്രിമാരായി പുതുമുഖങ്ങളെ ഉൾപ്പെടുത്തും. പ്രഫഷണലുകളായ ചിലരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിലേക്കും. 2014 വിജയത്തേക്കാൾ കാബിനറ്റ് പദവികൾ നൽകുന്നതിൽ ഇക്കുറി മോദിക്കു കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. 2014-ൽ അന്നത്തെ ബിജെപി അധ്യക്ഷൻ രാജ്നാഥ് സിംഗിൽനിന്നും ആർഎസ്എസ് നേതൃത്വത്തിൽനിന്നും മോദിക്കു നിർദേശങ്ങൾ സ്വീകരിക്കേണ്ടിയിരുന്നു. എന്നാൽ ഇക്കുറി അതിന്റെ ആവശ്യം വരില്ല.
അമേഠിയിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് കൂടുതൽ മെച്ചപ്പെട്ട വകുപ്പ് ലഭിച്ചേക്കും. ലോക്സഭാ സ്പീക്കർ സ്ഥാനം സ്മൃതിക്കു നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
സുഷമ സ്വരാജ്, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി എന്നിവർക്ക് അവർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തിരികെ ലഭിച്ചേക്കും. അരുണ്‍ ജയ്റ്റ്ലിയെ ഒഴിവാക്കും. അമിത് ഷായ്ക്ക് ധനകാര്യം ലഭിച്ചാൽ അദ്ദേഹത്തെ കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയിൽ ഇടംലഭിക്കും.
അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം വിട്ടുനൽകിയേക്കില്ലെന്നും സൂചനയുണ്ട്. മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായിരിക്കെ പഞ്ചാബ് ബിജെപി അധ്യക്ഷ സ്ഥാനവും വഹിച്ച വിജയ് സംപാലയുടെ ഉദാഹരണമാണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്. രവിശങ്കർ പ്രസാദിന്റെ സ്ഥാനത്തിൽ ഉറപ്പില്ല. അമിത് ഷായുടെ ടീമിലുള്ള വിജയ് സഹസ്രബുദ്ധെ, ഭൂപേന്ദ്ര യാദവ് എന്നിവർ കാബിനറ്റിൽ എത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.