ജയ്പുർ: രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച വാഹനം വൈദ്യുതി ലൈനിൽ തട്ടിയതു വൻ പരിഭ്രാന്തി പരത്തി.
സംഭവത്തിൽ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രാജസ്ഥാനിലെ നഗൗറിലെ ബിദ്യുദ് ഗ്രാമത്തിൽനിന്നു തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കാൻ ഇന്നലെ വൈകിട്ട് പർബത് സറിലേക്ക് തുറന്നവാഹനത്തിൽ പോകുന്പോഴായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് അന്വേഷണത്തിന് ഉത്തരവിട്ടു.
ഇരുവശങ്ങളിലും കടകളും വീടുകളുമുള്ള പർബത്സറിലെ വീഥിയിലൂടെ കടന്നുപോകുമ്പോൾ, രഥം പോലെ പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനത്തിന്റെ മുകൾ ഭാഗം വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
തുടർന്ന് തീപ്പൊരി ഉണ്ടാകുകയും കന്പി പൊട്ടിവീഴുകയും ചെയ്തു. കേന്ദ്രമന്ത്രിയുടെ രഥത്തിനു പിന്നിലെ മറ്റു വാഹനങ്ങൾ ഉടൻ നിർത്തുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു.
തുടർന്ന്, മറ്റൊരു വാഹനത്തിൽ അമിത് ഷാ പർബത് സറിലേക്കു പോയി. നവംബർ 25ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി സ്ഥാനാർഥികളെ പിന്തുണച്ച് കുചമാൻ, മക്രാന, നാഗൗർ എന്നിവിടങ്ങളിലായി നടന്ന മൂന്ന് റാലികളെ അമിത് ഷാ അഭിസംബോധന ചെയ്തു.