സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഈ വർഷം കൂടി ബിജെപി അധ്യക്ഷസ്ഥാനത്തു തുടരും. ബിജെപി സംസ്ഥാന നേതാക്കളുടെയും ദേശീയ ജനറൽ സെക്രട്ടറിമാരുടെയും ഇന്നലെ ചേർന്ന യോഗത്തിനു ശേഷമാണ് പാർട്ടി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ് ഇക്കാര്യം അറിയിച്ചത്.
കേരളം ഉൾപ്പെടെ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്ത സംസ്ഥാനങ്ങൾകൂടി പിടിച്ചെടുക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണമെന്നും പാർട്ടി അംഗത്വത്തിൽ 20 ശതമാനം വർധന വേണമെന്നുമാണ് അമിത്ഷാ നേതാക്കളോട് ഇന്നലെ ആവശ്യപ്പെട്ടത്.
പതിനഞ്ചു കോടി അംഗങ്ങളെ ചേർക്കുന്നതിനുള്ള പ്രവർത്തനം ആരംഭിക്കാൻ ഡൽഹിയിൽ ചേർന്ന ഭാരവാഹികളുടെ യോഗത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ നിർദേശം നൽകി. അംഗത്വ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ ദേശീയ വൈസ് പ്രസിഡന്റും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു.
കേരളത്തിലെ ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദുഷ്യന്ത് ഗൗതം, ഒഡീഷയിൽനിന്നുള്ള എംപി സുരേഷ് പൂജാരി, രാജസ്ഥാൻ മുൻ അധ്യക്ഷൻ അരുണ്‍ ചതുർവേദി എന്നിവരും സമിതിയിലുണ്ട്.