കോൽക്കത്ത: പശ്ചിമബംഗാളിലെ അക്രമസംഭവങ്ങളിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. അക്രമങ്ങൾക്ക് പിന്നിൽ തൃണമൂൽ കോണ്‍ഗ്രസാണ്. രാജ്യം മുഴുവൻ ബിജെപി മത്സരിക്കുന്നുണ്ട്. തൃണമൂലിനെ പോലെ ബംഗാളിൽ മാത്രമല്ല തങ്ങളുള്ളതെന്നു മമത മനസിലാക്കണമെന്നും അമിത്ഷാ പറഞ്ഞു.
മറ്റൊരു സംസ്ഥാനത്തും ബിജെപിക്കെതിരേ ഇത്രയും അക്രമം ഉണ്ടായിട്ടില്ല. തന്റെ റോഡ് ഷോയിൽ സർവകലാശാല കേന്ദ്രീകരിച്ച് അക്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് പോലീസ് അവഗണിച്ചു. സിആർപിഎഫ് ഇല്ലായിരുന്നെങ്കിൽ, ജീവനോടെ തിരിച്ചെത്തില്ലായിരുന്നെന്നും അമിത്ഷാ പറഞ്ഞു.
ബംഗാളിലേത് കലാപമല്ല, ആക്രമണമാണ്. വിദ്യാസാഗറിന്റെ പ്രതിമ തകർത്തതും തൃണമൂൽ പ്രവർത്തകരാണ്. അക്രമസംഭവങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു.