ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ സായുധ സേനയെയും അവർക്ക് നൽകിയിട്ടുള്ള പ്രത്യേക അധികാരങ്ങളും പിൻവലിക്കുന്നതു കേന്ദ്ര സർക്കാരിന്റെ പരിഗണനയിലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രഭരണപ്രദേശത്തുനിന്നു സൈന്യത്തെ പിൻവലിക്കാനും ക്രമസമാധാനം ജമ്മു കാഷ്മീർ പോലീസിന് മാത്രമായി വിട്ടുകൊടുക്കാനും സർക്കാരിന് പദ്ധതിയുണ്ടെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞത്.
സംഘർഷ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സായുധ സേനയിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമെന്ന് തോന്നിയാൽ തെരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിർക്കാനുമുള്ള അധികാരങ്ങൾ നൽകിയിരുന്നു. ഇതു പിൻവലിക്കും. നേരത്തെ ജമ്മു കാഷ്മീർ പോലീസിനെ വിശ്വസിച്ചിരുന്നില്ല, എന്നാൽ ഇന്ന് അവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
സെപ്റ്റംബറിന് മുമ്പ് ജമ്മു കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കാഷ്മീരിൽ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണെന്നും അത് നിറവേറ്റുമെന്നും അമിത് ഷാ പറഞ്ഞു.