ന്യൂഡൽഹി: രാമകൃഷ്ണ മിഷനും ഭാരത് സേവാശ്രമവുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ.
ഈ സംഘടനകളെ അപകീർത്തിപ്പെടുത്തി മുസ്ലീം വോട്ടർമാരെ പ്രീതിപ്പെടുത്താനാണ് മമതാ ബാനർജി ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. വടക്ക് കിഴക്കൻ ഇന്ത്യയിലെ വിദൂരപ്രദേശങ്ങളിൽ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ജലവിതരണം എന്നിവയ്ക്കൊപ്പം മറ്റ് സേവനങ്ങളും നൽകുന്നതിന് രാമകൃഷ്ണ മിഷൻ പ്രവർത്തിക്കുന്നുണ്ടെന്ന് അമിത് ഷാ എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
മമത ബാനർജിയുടെ ഈ അഭിപ്രായത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ബിഎസ്എസ് സ്ഥാപകൻ സ്വാമി പ്രണവാനന്ദ ഇല്ലായിരുന്നെങ്കിൽ, പശ്ചിമ ബംഗാൾ ഇന്ത്യയുടെ ഭാഗമല്ല, ബംഗ്ലാദേശിന്റെ ഭാഗമാകുമായിരുന്നുവെന്ന് മമത ബാനർജിക്ക് അറിയില്ല.
ഭാരത് സേവാശ്രമം സംഘ്, ഇസ്കോൺ, രാമകൃഷ്ണ മിഷൻ തുടങ്ങിയ സംഘടനകളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് മുസ്ലീം വോട്ടർമാരെ പ്രീണിപ്പിക്കാനാണ് മമത ബാനർജി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാമകൃഷ്ണ മിഷനിലെയും ഭാരത് സേവാശ്രമത്തിലെയും ചില സന്യാസിമാർ ഡൽഹിയിലെ ബിജെപി നേതാക്കളുടെ സ്വാധീനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു.
ഇതേത്തുടർന്ന് ഭാരത് സേവാശ്രമം സംഘത്തിലെ സന്യാസി മമതാ ബാനർജിക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ തന്റെ പരാമർശങ്ങൾ ചില ആളുകളെ ഉദ്ദേശിച്ചു മാത്രമാണെന്നും സംഘടനയ്ക്ക് എതിരല്ലെന്നും മമതാ ബാനർജി പിന്നീടു വിശദീകരണം നൽകി.