രഥയാത്രയ്ക്ക് അള്ള് വച്ചതിന് പിന്നാലെ ഹെലികോപ്റ്ററിന്റെ ചിറകരിഞ്ഞ് മമത ബാനര്‍ജി! റാലിയില്‍ പങ്കെടുക്കാനെത്തുന്ന അമിത്ഷായുടെ ഹെലികോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചു

ബംഗാളില്‍ അമിത്ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി അനുമതി നല്‍കാതിരുന്നത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ ബംഗാളില്‍ ബിജെപിയുടെ റാലിയ്ക്കും മമത സര്‍ക്കാര്‍ ചുവന്നകൊടി കാണിച്ചിരിക്കുന്നു.

ചൊവ്വാഴ്ച നടക്കുന്ന റാലിയില്‍ പങ്കെടുക്കാനെത്തുന്ന അമിത് ഷായുടെ ഹെലിക്കോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി ജില്ലാഭരണകൂടം നിഷേധിച്ചിരിക്കുകയാണ്. ബംഗാളിലെ ജനാധിപത്യം അപകടത്തിലാണെന്നാണ് ഇതേക്കുറിച്ച് ബി.ജെ.പി പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ബംഗാളില്‍ ബി.ജെ.പി നടത്താനിരുന്ന രഥയാത്രയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.

ബി.ജെ.പി സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തിയെങ്കിലും സര്‍ക്കാര്‍ തീരുമാനം കോടതികളും ശരിവച്ചു. തുടര്‍ന്നാണ് ബംഗാളില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പങ്കെടുപ്പിച്ചുകൊണ്ട് റാലി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ നാളെ റാലിയില്‍ പങ്കെടുക്കാന്‍ അമിത്ഷാ എത്തുന്ന ഹെലിക്കോപ്റ്ററിന് മാള്‍ഡ വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള അനുമതി ജില്ലാഭരണകൂടം നിഷേധിച്ചു.

അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഈയാഴ്ച ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സര്‍ക്കാര്‍ നീക്കത്തിനെതിരെ ബി.ജെ.പി രംഗത്തെത്തുകയും ചെയ്തു. ഹെലികോപ്റ്റര്‍ ഇറങ്ങുന്നത് തടയാനേ മമതയ്ക്ക് കഴിയൂ, ബംഗാളില്‍ ബി.ജെ.പിയുടെ റാലി തടയാന്‍ മമതക്ക് കഴിയില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞു.

സര്‍ക്കാരിന്റെ ഹെലിക്കോപ്റ്ററുകള്‍ എല്ലാ ബുധനാഴ്ചയും ഇവിടെ ഇറങ്ങുന്നുണ്ടെന്നും ഇക്കാര്യം വിശദീകരിക്കണമെന്നും ബി.ജെ.പി വ്യക്തമാക്കി. അതേസമയം തോറ്റ് പിന്മാറാന്‍ തയാറാവാതെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കാന്‍ അനുമതി തേടി ബി.ജെ.പി ബി.എസ്.എഫിന് കത്ത് കൈമാറിയിട്ടുണ്ട്.

Related posts