ന്യൂഡൽഹി: കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായ്ക്കെതിരെ നൂറുകോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സഞ്ജയ് സിംഗ്. ഡൽഹി സർക്കാർ സ്കൂളിൽ പഠിക്കുന്ന ഏതാനും കുട്ടികളുടെ മാതാപിതാക്കളായിരിക്കും കേസ് നൽകുന്നതെന്നും സഞ്ജയ് സംഗ് പറഞ്ഞു.
തെരഞ്ഞെടുപ്പ പ്രചാരണത്തിന്റെ ഭാഗമായി ഡൽഹിയിലെ സർക്കാർ സ്കൂളുകളെക്കുറിച്ച് അമിത്ഷായും അനുയായികളും വ്യാജവീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
നവമാധ്യമങ്ങളിലൂടെ അമിത് ഷായും ബിജെപി എംപിമാരും ഡൽഹിയിലെ സർക്കാർ സ്കൂളുകളെ സംബന്ധിച്ച് പുറത്തുവിട്ട വിവരങ്ങൾ വ്യാജമാണ്.
ഏതാനും സ്കൂളുകളിലെ ചില പോരായ്മകൾ ഉയർത്തിക്കാട്ടി എല്ലാ സ്കൂളുകളും അങ്ങനെയാണെന്ന തരത്തിൽ നടത്തിയ പ്രചാരണം ഡൽഹിയിലെ 16 ലക്ഷം കുട്ടികളേയും 32 ലക്ഷം മാതാപിതാക്കളേയും ആയിരക്കണക്കിന് അധ്യാപകരേയും ഏറെ വേദനിപ്പിച്ചു. അവരെ അപമാനിച്ചതിനു തുല്യമായി ഇതെന്നും എഎപി പാർട്ടി നേതാവ് പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് 48 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണ നിരോധനം ഏർപ്പെടുത്തണമെന്നും ആംആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.