ഇത് തീക്കളിയാണ്! മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ്; പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ താഴെയിറക്കുമെന്ന് അമിത് ഷാ

കണ്ണൂർ: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇതുമായി ബന്ധപ്പെട്ടുയരുന്ന പ്രതിഷേധങ്ങളെ‍യും വിശ്വാസികളെയും അടിച്ചമർ‌ത്താനാണ് സർക്കാർ ശ്രമിച്ചതെന്നും ഇനിയും ഈ ശ്രമം തുടർന്നാൽ സർക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.

സമരത്തിനിറങ്ങിയ സാധാരണക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ സർക്കാർ അനാവശ്യമായി തടവിൽ വയ്ക്കുകയാണ്. ഇത്തരത്തിൽ അയ്യപ്പ ഭക്തരെ അടിച്ചമർത്തുന്നത് തീക്കളിയാണെന്നും കേരളത്തിൽ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും അമിത് ഷാ പറഞ്ഞു.

കോടതികളെയും ഷാ വെറുതേ വിട്ടില്ല. അപ്രായോഗിക നിർദേശങ്ങൾ നൽകുന്നതിൽ നിന്ന് രാജ്യത്തെ കോടതികൾ പിന്മാറണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ശബരിമല വിഷയത്തിൽ ബിജെപിയുടെ ദേശീയ ശക്തി മുഴുവൻ ഭക്തർക്കൊപ്പമാണെന്നും വ്യക്തമാക്കി. കേരളത്തിന്‍റെ വികസനം നടപ്പാക്കാൻ ഇടതു വലതു മുന്നണികൾക്കാകില്ലെന്നും ബിജെപിക്ക് മാത്രമേ അതിന് കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാസം 30 മുതൽ നവംബർ 12 വരെ കേരളത്തിലുടനീളം അയ്യപ്പ ഭക്തന്മാരുടെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ നിരവധി സമര പരിപാടികൾ നടത്തുമെന്നും അമിത് ഷാ അറിയിച്ചു. ഈ സമര പരിപാടികളിൽ എൻഎസ്എസ്, ബിഡിജെഎസ് , ആർഎസ്എസ് എന്നീ സംഘടനകളോടൊപ്പം കേരളത്തിലെ മുഴുവൻ ആളുകളും അണിനിരക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.

Related posts