ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും ശിവസേന. ഡൽഹി കത്തിയെരിയുന്പോൾ അമിത് ഷായെ കാണാനില്ലായിരുന്നെന്ന് ശിവസേന ആഞ്ഞടിച്ചു.
പാർട്ടിയുടെ മുഖപത്രമായ സാമ്നയിലൂടെയായിരുന്നു വിമർശനം. ഡൽഹി കത്തുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എവിടെയും കാണാനില്ല. അതിദേശീയതയും വർഗീയതയും രാജ്യത്തെ 100 വർഷം പിന്നോട്ടടിക്കുമെന്നും സാമ്ന പറയുന്നു.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ബിജെപി നേതാക്കളായ പർവേഷ് മിശ്ര, കപിൽ മിശ്ര എന്നിവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജഡ്ജിയെ കേന്ദ്രസർക്കാർ ശിക്ഷിച്ചെന്നും സാമ്ന കുറ്റപ്പെടുത്തി.
രാജ്യത്തെ സ്ഥിതി ആശങ്കാജനകമായിരുന്നു. സവർക്കറെക്കുറിച്ച് ചിന്തിക്കുന്ന പാർട്ടി ആദ്യം രാജ്യത്തിന്റെ സൽപ്പേരിനെക്കുറിച്ച് ചിന്തിക്കണമെന്നും സാമ്ന ഓർമപ്പെടുത്തി.
തലസ്ഥാനത്ത് ക്രമസമാധാനം പരിപാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് സാമ്ന നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ട്രംപ് മോദിയെ 25 തവണയെങ്കിലും പുകഴത്തുകയും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
25 ആലിംഗനങ്ങൾക്ക് 22,000 കോടി രൂപയാണ് ചെലവ്.’’ ശിവസേന പരിഹസിച്ചു. എല്ലാ ഉപകരണങ്ങളും അധികാരവും ഉണ്ടായിട്ടും എന്തുകൊണ്ട് ഡൽഹിയിലെ കലാപം നിർത്തലാക്കാൻ സാധിക്കുന്നില്ലെന്നതാണ് വലിയ ചോദ്യം.
ആർട്ടിക്കിൾ 370ഉം 35എ യും റദ്ദാക്കാൻ കാണിച്ച ധൈര്യം ഡൽഹി കലാപം നിർത്താനും കാണിക്കേണ്ടതുണ്ടെന്നും ശിവസേന മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നു.