സോളാപുർ: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷപാർട്ടി നേതാക്കൾ ബിജെപിയിൽ ചേരുന്നതിനെ സൂചിപ്പിച്ച് കോൺഗ്രസിനും എൻസിപിക്കും അമിത് ഷായുടെ ഒളിയമ്പ്. മുഖ്യമന്ത്രി ഫഡ്നാവിസിന്റെ മഹാജനദേശ് യാത്രയുമായി ബന്ധപ്പെട്ട് സോളാപൂരിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യമന്ത്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ.
ശരത് പവാറിനും പ്രിഥ്വിരാജ് ചവാനും ഒഴിച്ച് മറ്റുള്ളവർക്കായി ബിജെപി വാതിൽ തുറന്നുവച്ചാൽ അവരുടെ പാർട്ടികളിൽ പവാറും ചവാനുമല്ലാതെ മറ്റാരുമുണ്ടാകില്ലെന്ന് അമിത് ഷാ പറഞ്ഞു. എൻസിപി അധ്യക്ഷനാണ് ശരത് പവാർ. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിയാണ് ചവാൻ. കോൺഗ്രസിന്റെ മുതിർന്ന നേതാവ് ശുശീൽകുമാർ ഷിണ്ഡെയുടെ മണ്ഡലത്തിൽ നടന്ന റാലിയിലായിരുന്നു അമിത് ഷായുടെ പരിഹാസം.
അടുത്ത കാലത്ത് എൻസിപിയിൽനിന്നും കോൺഗ്രസിൽനിന്നും നിരവധി നേതാക്കളാണ് ഭരണകക്ഷിയായ ശിവസേനയിലും ബിജെപിയിലും ചേർന്നത്. എൻസിപിയിൽനിന്നാണ് നേതാക്കളുടെ ഒഴുക്ക് കൂടുതലായും ഉണ്ടായത്.