ഹരിപ്പാട്: ഏക മകൻ ഉപേക്ഷിച്ച വൃദ്ധ മാതാവിന്റെ മൃതദേഹം ചെങ്ങന്നൂർ ആർഡിഒയുടെ നിർദ്ദേശ പ്രകാരം പോലീസ് സംരക്ഷണത്തിൽ സ്വന്തം വീട്ടുവളപ്പിൽ സംസ്കരിച്ചു. ജനുവരി ഏഴിന് ആണ് പള്ളിപ്പാട് നീണ്ടൂർ കുറ്റുവിളയിൽ ലക്ഷ്മി (82) യെ സംരക്ഷിക്കുവാൻ ആരുമില്ലാത്തതിനാൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ ഓഫ് ഇന്ത്യ ആലപ്പുഴ ജില്ലാ കമ്മറ്റിയ്ക്ക് കിട്ടിയ പരാതി പ്രകാരം ഏറ്റെടുത്തത്. സ്വന്തം പേരിലുള്ള 10 സെന്റ് സ്ഥലം എഴുതി വാങ്ങിയ ശേഷം മകൻ സുരേഷും ഭാര്യ ശശികലയും ചേർന്ന് ലക്ഷ്മിയെ വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു.
തുടർന്ന് മകൾ പൊന്നമ്മയുടെ സംരക്ഷണത്തിൽ വാടക വീട്ടിലായിരുന്നു കഴിഞ്ഞു വന്നത്. പ്രമേഹ രോഗംമൂലം അവശയായ പൊന്നമ്മയ്ക്ക് ലക്ഷ്മിയുടെ സംരക്ഷണം സാധ്യമല്ലാതായ അവസ്ഥയിലാണ് ഹ്യൂമൻ റൈറ്റ്സ് പ്രവർത്തകരെ സമീപിച്ചത്. തുടർന്ന് ഇവരുടെ അഭ്യർഥന പ്രകാരം കൊട്ടാരക്കര ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് പ്രായാധിക്യം മൂലം അവശായ ലക്ഷ്മിയുടേയും മകളുടേയും സംരക്ഷണം ഏറ്റെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരണമടഞ്ഞ ലക്ഷ്മിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് വേണ്ടി പള്ളിപ്പാട് കുറ്റുവിളയിൽ കൊണ്ടുവന്നെങ്കിലും മകനും മരുമകളും തടസ്സപ്പെടുത്തിയതിനാൽ ചെങ്ങന്നുർ ആർഡിഒയ്ക്ക് ഹ്യൂമൻ റൈറ്റ്സ് പ്രവർത്തകർ പരാതി നല്കുകയുമായിരുന്നു. തുടർന്ന് പോലീസ് സംരക്ഷണത്തിൽ മൃതദേഹം സംസ്കരിക്കുന്നതിന് വേണ്ടുന്ന നടപടികൾ സ്വീകരിക്കുവാൻ കാർത്തികപ്പള്ളി തഹസീൽദാർ മുരളീധര കുറുപ്പിന് നിർദ്ദേശം നൽകുകയായിരുന്നു.
തഹസീൽദാരുടെ നേതൃത്വത്തിൽ ശനിയാഴ്ച പകൽ മൂന്നിന് പോലീസ് സംരക്ഷണത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സംസ്കാര ചടങ്ങിൽ പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രകുറുപ്പ്, വില്ലേജ് ഓഫീസർ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി കൃഷ്ണകുമാർ, ആശ്രയ ജില്ലാ കോർഡിനേറ്റർ സനൽ, ഹ്യൂമൻ റൈറ്റ്സ് ജില്ലാ സെക്രട്ടറി കെ.മോഹനൻ, ട്രഷറർ ഷീലു, ഹരിപ്പാട് മണ്ഡലം പ്രസിഡന്റ് എസ്.ദേവരത്നൻ, സെക്രട്ടറി വി.കെ.ഗംഗാധരൻ, ട്രഷറർ മുരളീധരൻ പിള്ള, എസ്.എൻ.ഡി.പി 1745 നീണ്ടൂർ ശാഖ പ്രസിഡന്റ് പി.അനിൽ, സെക്രട്ടറി എൻ.മോഹനൻ ഉൾപ്പടെ വൻ ജനാവലി പങ്കെടുത്തു.