വിഴിഞ്ഞം: പണത്തെ ചൊല്ലിയുള്ള തർക്കം കൈയാങ്കളിയിൽ അവസാനിച്ചു. മകനും മരുമകളും മരുമകളുടെ സഹോദരനും ചേർന്ന് വയോധികയെ തല്ലിച്ചതച്ചു.ഗുരുതരാവസ്ഥയിലായ അറുപതുകരിയെ പോലീസ് എത്തി മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. മരുമകളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിഴിഞ്ഞം അടിമലത്തുറ അമ്പലത്തും മൂല സ്വദേശി മേരി(60) ക്കാണ് മകന്റെയും മരുമകളുടെയും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ്ത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. മത്സ്യക്കച്ചവടക്കാരിയായ മേരി മകനിൽ നിന്ന് അഞ്ചര ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി പറയപ്പെടുന്നു.
ഇതിനെ ചൊല്ലി കുറച്ച് ദിവസമായി വീട്ടിൽ കലഹം നടക്കുന്നതായി നാട്ടുകാർ പോലീസിനോടറിയിച്ചു.ഇതിനിടയിൽ മേരിയുടെ മരുമകൾ സിന്ധു സ്വന്തം വീടായ കൊച്ചുപള്ളിയിലേക്ക് പിണങ്ങിപ്പോയി. ഒത്തുതീർപ്പിന്റെ ഭാഗമായി ഇന്നലെ ഉച്ചയോടെ യുവതിയെ മടക്കികൊണ്ടുവന്നതായും പോലീസ് പറയുന്നു.
പണത്തെച്ചൊല്ലി ഇന്നലെ വീണ്ടുമുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.തലക്കടിയേറ്റ് നിലംപതിച്ച് അബോധാവസ്ഥയിലായ വയോധികയെ രക്ഷിക്കാൻ നാട്ടുകാർ വിഴിഞ്ഞം പോലീസിൽ വിവരമറിയിച്ചു. പോലിസെത്തി മേരിയെ ജനറൽ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. വയോധിക അപകടനില തരണം ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.