കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം വഴിത്തിരിവിൽ എത്തിനിൽക്കേ ചേരുന്ന അമ്മയുടെ യോഗത്തിൽ ചൂടേറിയ ചർച്ചകൾക്കു സാധ്യത. നാളെ രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ നടക്കുന്ന ജനറൽ ബോഡി യോഗത്തിനു മുന്നോടിയായി അമ്മയുടെ എക്സിക്യൂട്ടീവ് കമ്മി റ്റി ഇന്ന് ചേരും.
കൊച്ചിയിലെ ഹോട്ടൽ ക്രൗണ് പ്ലാസയിൽ രാത്രി 7.30ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ ദിലീപും പങ്കെടുക്കുമെന്നാണു സൂചന. യോഗത്തിൽ നടിയെ ആക്രമിച്ച സംഭവത്തിലെ പുതിയ വെളിപ്പെടുത്തലുകളും വിവാദങ്ങളും ചർച്ചയാകും. ഇന്ന് ചേരുന്ന എക്സിക്യൂട്ടീവിലാണു ജനറൽ ബോഡി യോഗത്തിന്റെ അജണ്ട തീരുമാനിക്കുന്നത്. അജണ്ട ജനറൽ ബോഡിയിൽ എത്തുന്നതോടെ ചൂടേറിയ ചർച്ചകൾക്കു വഴിതുറക്കുമെന്നാണ് അറിയുന്നത്.
നടി മഞ്ജു വാര്യർ അടക്കമുള്ളവർ ജനറൽ ബോഡിയിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ മഞ്ജു പങ്കെടുത്തിരുന്നില്ല. നടി ആക്രമിക്കപ്പെട്ട സംഭവവും ഷൂട്ടിംഗ് ലൊക്കേഷനിൽ മറ്റ് ചില നടിമാർക്കെതിരെ ആക്രമണ ശ്രമമുണ്ടായ സംഭവങ്ങളും അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ചർച്ചയാക്കാനാണു വനിതാ സംഘടനയുടെ തലപ്പത്തുള്ള നടിമാരുടെ തീരുമാനം.
അതേസമയം, താരസംഘടനയുടെ പിന്തുണയില്ലാതെ നടിമാർ സംഘടന രൂപീകരിച്ചതും അമ്മ യോഗത്തിൽ ചർച്ചയായേക്കും. അമ്മയുടെ അനുവാദമില്ലാതെ വനിതാ സംഘടന രൂപീകരിച്ചതിനെതിരായ നിലപാടുള്ള താരങ്ങൾ ഇക്കാര്യം ഉന്നയിച്ചാൽ അത് അഭിപ്രായ ഭിന്നതയിലേക്കു നയിക്കും. ഇന്നസെന്റ്, ഗണേഷ്, മോഹൻലാൽ, മമ്മൂട്ടി, ഇടവേള ബാബു, ദിലീപ്, നെടുമുടി വേണു, ദേവൻ, ലാലു അലക്സ്, മുകേഷ്, സിദ്ധിഖ്, മണിയൻപിള്ള രാജു, കലാഭവൻ ഷാജോണ്, പൃഥ്വിരാജ്, നിവിൻപോളി, ആസിഫ് അലി, രമ്യ നന്പീശൻ, കുക്കു പരമേശ്വരൻ എന്നിവരാണ് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
ജനറൽബോഡി യോഗത്തിനുശേഷം വിവാദവിഷയത്തിൽ സംഘടനയുടെ നിലപാട് അറിയിക്കുമെന്നാണു വിവരം. അതേസമയം, മാക്ട ഫെഡറേഷൻ എക്സിക്യൂട്ടീവ് യോഗവും ഇന്നു കൊച്ചിയിൽ നടക്കുന്നുണ്ട്. നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ ഇതിനകംതന്നെ സിനിമാ ലോകം രണ്ടു പക്ഷത്തായ നിലയിലാണ്. കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിനെ അനുകൂലിക്കുകയും ആക്രമണത്തിന് ഇരയായ നടിയെ പിന്തുണയ്ക്കുകയും ചെയ്യുന്ന വിഭാഗവുമാണ് രൂപപ്പെട്ടിട്ടുള്ളത്.
വിഷയത്തിൽ പ്രമുഖ നടൻമാർ ഉൾപ്പെടെ ഇതുവരെ മൗനം പാലിക്കവേ കഴിഞ്ഞ ദിവസങ്ങളിൽ ഉരുത്തിരിഞ്ഞ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി പ്രമുഖർ ഇരുവരെയും പിന്തുണച്ച് രംഗത്തെത്തി. ഇതിൽ ദിലീപിനെ അനുകൂലിച്ചും നടിയെ പരോക്ഷമായി വിമർശിക്കുകയും ചെയ്ത സലീംകുമാറും അജു വർഗീസും പിന്നീട് മാപ്പ് പറഞ്ഞിരുന്നു. നടിക്കെതിരായ സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശരിയായില്ലെന്നും ഇക്കാര്യം സലീംകുമാറിനോട് താൻ പറഞ്ഞിട്ടുണ്ടെന്നും നടനും സംവിധായകനുമായ ലാൽ വ്യക്തമാക്കി.
കേസിൽ പോലീസ് അന്വേഷണം തൃപ്തികരമാണെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പോലീസ് അന്വേഷണത്തിലിരിക്കുന്ന കേസായതുകൊണ്ടാണു സംഘടന അഭിപ്രായം രേഖപ്പെടുത്താത്തതെന്നും ദിലീപിനു കേസിൽ പങ്കുണ്ടെന്ന വാദത്തിൽ കഴന്പില്ലെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. കേസിൽ നടക്കുന്ന പോലീസ് അന്വേഷണത്തെ പിന്തുണച്ച് നടനും എംപിയുമായ സുരേഷ് ഗോപിയും രംഗത്തുവന്നു. പോലീസ് അന്വേഷണം കൃത്യമായ ദിശയിലാണെന്നും മറിച്ചുള്ളതെല്ലാം ഉൗഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു. അതേസമയം, നാളെ ചേരുന്ന ജനറൽ ബോഡി യോഗത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവം ചർച്ചയായേക്കാമെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. യോഗത്തിൽ ദിലീപും ആക്രമണത്തിന് ഇരയായ നടിയും എത്തുമെന്നാണു പ്രതീക്ഷയെന്നും ഇതുസംബന്ധിച്ച് ഇരുവർക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.