കോഴിക്കോട്: താരകങ്ങളായി ആരാധകമനസുകളില്‍ ഉദിച്ചുയര്‍ന്നിരുന്ന വിണ്ണിലെ സൂപ്പര്‍താരങ്ങള്‍ മണ്ണിലേക്കിറങ്ങുന്നു. ഇതൊരു അവാര്‍ഡ് നിശയുടെ പരസ്യവാചകമാണെന്ന് ധരിച്ചവര്‍ക്ക് തെറ്റി. പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാല സിനിമയുടെ പിന്നാമ്പുറങ്ങളില്‍ നിന്നും പുറത്തുവരുന്ന ഞെട്ടിക്കുന്ന കഥകള്‍ മലയാളി മനസുകളില്‍ നിന്നും താരങ്ങളെ പടിയിറക്കുകയാണ്. ഇതിന് ആക്കം കൂട്ടുന്ന തീരുമാനങ്ങളാണ് താരങ്ങളുടെ ഭാഗത്തും നിന്നും നിലവില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്.
പ്രമുഖ നടിയെ അക്രമിച്ച സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ആഘോഷമാക്കിയ ചാനലുകളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളത്തിന്റെ താരനിര. ഓണാഘോഷത്തിന് പകിട്ട് കൂട്ടാന്‍ സിനിമവിശേഷങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവച്ച് ഓണനാളുകളില്‍ വീടുകളില്‍ എത്തിയിരുന്ന താരങ്ങള്‍ ഈ ഓണത്തിന് പ്രതിഷേധസൂചകമായി ചനലുകളുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനെതിരെ ട്രോളന്മാർ സാമൂഹിക മാധ്യമങ്ങളിൽ പൊങ്കാല ഇട്ടുതുടങ്ങി. ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ ചാനലുകള്‍ പരസ്പരം മത്സരിച്ചുവെന്ന് ചൂണ്ടികാണിച്ചാണ് താരങ്ങള്‍ അനൗദ്യോഗികമായി ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.
ഓണം റിലീസ് ചിത്രങ്ങളുടെ പ്രൊമോഷനാണ് താരങ്ങള്‍ ഓണനാളുകളില്‍ നല്കുന്ന അഭിമുഖങ്ങളുടെ മറ്റൊരു ഉദ്ദേശം. എന്നാല്‍ ഇത്തവണ പ്രൊമോഷന് വര്‍ക്കുകള്‍ക്ക് പോലും മലയാളം താരങ്ങള്‍ ചാനലുകളില്‍ എത്തില്ലെന്നാണ് ലഭിച്ച വിവരം. എന്നാല്‍ ഈ തീരുമാനത്തോടുള്ള നിര്‍മാതാക്കളുടെ പ്രതികരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പൃഥിരാജ് അടക്കമുള്ള ചില താരങ്ങള്‍ക്ക് ഈ തീരുമാനത്തോട് വിയോജിപ്പുള്ളതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകളിലൂടെ ചാനലുകളെ ഞെട്ടിക്കാമെന്നത് താരങ്ങളുടെ പകല്‍ക്കിനാവ് മാത്രമാണെന്ന് ട്രോളുകൾ പറയുന്നു.
തിയറ്ററുകളില്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതുമായ മലയാള സിനിമകള്‍ പൊന്നുംവില സാറ്റലൈറ്റ് റേറ്റ് നല്കി ആഘോഷദിവസങ്ങളില്‍ വീടുകളിലെത്തിക്കുന്ന ചാനലുകള്‍ ഇനി മുതല്‍ അവ ഏറ്റെടുക്കില്ലെന്ന് തീരുമാനിച്ചാല്‍ താരങ്ങളുടെ നിലയും പരുങ്ങലിലാകാം. ഈ യുദ്ധത്തില്‍ വിജയം ആരുടെ ഭാഗത്താകുമെന്ന് കണ്ട് തന്നെ അറിയാം. ഇങ്ങനെ പ്രേക്ഷകര്‍ ട്രോളുകളും പോസ്റ്റുകളുമായി അവരുടെ നിലപാട് അറിയിച്ചുകഴിഞ്ഞു. താരങ്ങളുടെ ഓണോഘോഷങ്ങളും അവരുടെ കുട്ടിക്കാലവും മലയാളി പ്രേക്ഷകര്‍ക്ക് അറിയണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്നും ഓണാഘോഷം ഗംഭീരമാക്കാന്‍ താരജാഡയുടെ മോടി വേണമെന്ന് യാതൊരു ബന്ധവുമില്ലെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകളുടെ റേറ്റിംഗിലും ഇടിവ് പ്രകടമാണ്. അവധി ദിവസങ്ങളിൽ മലയാള സിനിമയ്ക്കു മുന്നിൽ ചടഞ്ഞിരിക്കുന്ന പതിവ് അടുത്തിടെയായി വീടുകളിൽ കുറഞ്ഞിട്ടുണ്ട്. ദിലീപ്, മുകേഷ്, ഗണേഷ്കുമാർ , ഇന്നസെന്റ്, സലീംകുമാർ എന്നിവരെ ടിവിയിൽ കണ്ടാലുടൻ ചാനൽ മാറ്റാൻ വീട്ടമ്മമാരാണ് മത്സരിക്കുന്നത്. പലർക്കും തമിഴുസിനിമയാണിപ്പോൾ പ്രിയം. ജനപ്രിയനായകന് ജനങ്ങള്‍ക്ക് അപ്രിയനായതോടെ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് വീടുകളിലെ സ്വീകരണ മുറികളില്‍പോലും സ്ഥാനമില്ലാതായി.
ഒരു പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്കി എന്ന അസാധാരണമായ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങള്‍ പോലും ഇന്ന് അവഗണനയുടെ വക്കിലാണ്. ദിലീപ് അറസ്റ്റിലായ ദിനങ്ങളില്‍ കണ്ണീര് സീരിയലുകളോട് വിട പറഞ്ഞ് വീട്ടമ്മമാര്‍ വാര്‍ത്താചാനലുകള്‍ക്ക് മുന്നില്‍ ഇടം പിടിച്ചത് ട്രോളന്മാര് ആഘോഷമാക്കിയിരുന്നു. അതിന് പുറകെയാണ് ഇപ്പോള്‍ മറ്റ് പല താരങ്ങള്‍ക്കും സംവിധായകര്‍ക്കുമെതിരെ ആരോപണങ്ങളുമായി സിനിമാമേഖലയിലുള്ളവര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ നിലവില്‍ സിനിമയില്‍ സജീവമായി ഇല്ലാത്തതും സജീവമായുള്ളവരുമായുള്ള നായികമാരും സിനിമാജീവിതത്തിന്റെ തുടക്കത്തിലും മറ്റും നേരിടേണ്ടി വന്ന പീഡനകഥകള്‍ പുറത്തുവിട്ടതും മലയാള താരപൊലിമയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിട്ടുണ്ട്.
താരാരാധനയില്‍ തമിഴ്നാടിനോളം വരില്ലെങ്കിലും അവരുടെ പാത തന്നെയാണ് സമീപകാലത്തായി കേരളവും പിന്തുടര്ന്ന് കൊണ്ടിരുന്നത്. പാലഭിഷേകവും, കൂറ്റന്‍ കട്ടൗട്ടുമെല്ലാം സൂപ്പര്‍താരങ്ങളുടെ സിനിമ റിലീസ് ചെയ്യുന്ന ദിവസങ്ങളിലെ പതിവ് കാഴ്ചകളായിരുന്നു. യുവതാരങ്ങള്‍ക്കും സിനിമയിലെ പ്രമുഖരുടെ മക്കള്‍ക്കും നല്കിയ സ്വീകരണവും, യുവാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അനുകരണങ്ങളുമെല്ലാം ഉദാഹരണങ്ങളാണ്. വിരലിലെണ്ണാവുന്ന ചിലരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവര്‍ത്തികള്‍ സിനിമയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന മറ്റ് താരങ്ങളെ കൂടി പ്രതിസന്ധിയിലാക്കുമോയെന്ന് കണ്ട് തന്നെയറിയണം.