ഈരാറ്റുപേട്ട: കിണറ്റിൽ വീണ ഒന്നര വയസുകാരൻ മകനെ രക്ഷിക്കാൻ അമ്മ പിന്നാലെ ചാടി. കയറിൽ തൂങ്ങിക്കിടന്ന അമ്മയെയും കുഞ്ഞിനെയും നാട്ടുകാർ രക്ഷപ്പെടുത്തി. ചേന്നാട് താന്നിപ്പൊതിയിൽ ആന്റണി- മായ ദന്പതികൾക്ക് വിവാഹശേഷം എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച മകൻ അപ്പൂസ് എന്ന അലൻ ആന്റണിയാണ് കിണറ്റിൽ വീണത്. ഇന്നലെ രാവിലെ 8.30 നാണ് സംഭവം.
വീടിന്റെ പിന്നിലെ തിട്ടയിൽ കയറി കിണറിന്റെ ചുറ്റുമതിലിൽ വച്ചിരുന്ന ബക്കറ്റിൽനിന്നു വെള്ളമെടുക്കാൻ ശ്രമിക്കുന്പോഴാണ് അപ്പൂസ് കിണറ്റിൽ വീണത്. അടുക്കളയിലായിരുന്ന അമ്മ മായ ശബ്ദം കേട്ട് ഓടിയെത്തുന്പോൾ കുഞ്ഞ് കിണറ്റിൽ മരണവുമായി മല്ലിടുന്നു. ഒരു നിമിഷം വൈകാതെ കയർ കെട്ടി കപ്പിയിൽകൂടി ഉൗർന്നു കിണറ്റിലേക്ക് ഇറങ്ങി മകനെ കോരിയെടുത്ത് നെഞ്ചോടുചേർത്ത് കയറിൽ തൂങ്ങിനിന്നു.
മായയുടെ നിലവിളി കേട്ട് അയൽവാസിയായ ചെന്നാപ്പാറ അമ്മിണിയും മകൻ റിജുവും ഓടിയെത്തി. കയറുമായി കിണറ്റിലിറങ്ങിയ റിജു ഓടിയെത്തിയ മറ്റ് അയൽവാസികളുടെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും കസേരയിലിരുത്തി കിണറ്റിൽനിന്നു കരയ്ക്കു കയറ്റി. അവശനിലയിലായ മായയെയും കുഞ്ഞിനെയും ഭരണങ്ങാനത്തെ ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.14 കോൽ താഴ്ചയുള്ള കിണറ്റിൽ 20 അടിയോളം വെള്ളത്തിലേക്കാണ് അപ്പൂസ് വീണത്. സംഭവസമയത്ത് ആന്റണി കടയിൽ പോയതായിരുന്നു.
അമ്മയെയും കുഞ്ഞിനെയു രക്ഷിക്കാൻ പ്ലാസ്റ്റിക് കയറിൽ തൂങ്ങി കിണറ്റിലിറങ്ങിയതമൂലം സാരമായി പരിക്കേറ്റെങ്കിലും ഇരുവരെയും രക്ഷപ്പെടുത്താൻ സാധിച്ചതിലുള്ള ആശ്വാസത്തിലാണ് പാലാ കെഎസ്ആർടിസി ഡിപ്പോയിൽ കണ്ടക്ടറായ റിജു.