കൊച്ചി: നാലു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേര് കുറ്റക്കാരെന്നു കോടതി കണ്ടെത്തി. എറണാകുളം തിരുവാണിയൂര്‍ സ്വദേശിനിയായ നാലു വയസുകാരിയെ കൊലചെയ്ത സംഭവത്തില്‍ കുട്ടിയുടെ മാതാവും കാമുകനും കാമുകന്റെ സുഹൃത്തിനെയുമാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
ഒന്നാം പ്രതി തിരുവാണിയൂര്‍ മീമ്പാറ കോണംപറമ്പില്‍ രഞ്ജിത്ത് (32), രണ്ടാം പ്രതി തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസില്‍ (22), മുന്നാം പ്രതിയായ കുട്ടിയുടെ മാതാവ് എന്നിവരാണു കുറ്റക്കാരായി കണ്ടെത്തപ്പെട്ടവര്‍. മൂന്നു പേര്‍ക്കെതിരേയും കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, പോക്സോ ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണു തെളിഞ്ഞിരിക്കുന്നത്. ശിക്ഷ നാളെ പ്രഖ്യാപിക്കും.
കരിങ്ങാച്ചിറ എംഡിഎംഎല്‍പി സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിയായ നാലു വയസുകാരിയെ 2013 ഒക്ടോബറില്‍ ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്നു മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. പീഡനത്തിനുശേഷം പെണ്‍കുട്ടിയുടെ ചുവരിലിടിച്ചു കൊല്ലുകയായിരുന്നുവെന്നു പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊലക്കുശേഷം ജെസിബി ഉപയോഗിച്ചു കുഴിയെടുത്താണു പ്രതികള്‍ മൃതദേഹം കുഴിച്ചുമൂടിയത്.
മാതാവ് ഭര്‍ത്താവുമായി പിരിഞ്ഞു ചോറ്റാനിക്കരയില്‍ കാമുകനൊപ്പം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഈ ബന്ധത്തിനു മകളൊരു തടസമായി തോന്നിയതാണു കൊലപ്പെടുത്താന്‍ കാരണമെന്നാണു പ്രോസിക്യൂഷന് കേസ്. മൃതദേഹം സ്ഥലത്തു കുഴിച്ചുമൂടിയശേഷം കുട്ടിയെ കാണാനില്ലെന്നു ചോറ്റാനിക്കര പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകവിവരം പുറത്തായത്. മാതാവിന്റെ മൊഴിയില്‍ വൈരുധ്യം തോന്നിയതോടെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണു യഥാര്‍ഥസംഭവം പുറത്തുവന്നത്.