പതിനാറുകാരിയായ വളർത്തു മകളെ പട്ടിണിക്കിട്ടു കൊലപ്പെടുത്തി; അമ്മയ്ക്ക് മൂന്നു ജീവപര്യന്തം തടവ്

ഐഓവ: പതിനാറുകാരിയായ വളർത്തു മകളെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കുറ്റത്തിന് മാതാവ് നിക്കോൾ പിന്നിനെ (43) മൂന്നു ജീവപര്യന്തം തടവു ശിക്ഷക്ക് കോടതി വിധിച്ചു. കഴിഞ്ഞ ഡിസംബറിൽ നിക്കോൾ കുറ്റക്കാരിയാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. ഫസ്റ്റ് ഡിഗ്രി മർഡർ, തട്ടികൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

നിക്കോൾ പിന്നിന്‍റെ മുൻ ഭർത്താവ് ജോഫിനും കേസിൽ പ്രതിയാണ്. ജോയുടെ കേസ് ഏപ്രിലിൽ വിസ്തരിക്കും.

2016 ൽ വളർത്തു മകൾ നാറ്റ്ലി മരിക്കുന്പോൾ തൂക്കം 85 പൗണ്ട് മാത്രമായിരുന്നു. നാറ്റ് ലിയുടെ സഹോദരങ്ങളായ മിക്കയ്ല, ജേഡൻ എന്നിവരേയും മാതാപിതാക്കൾ പട്ടിണിക്കിട്ടിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവർ മാസങ്ങളോളം ആശുപത്രി വാസത്തിനുശേഷമാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. എന്നാൽ നാറ്റ് ലി ഹൃദയാഘാതം മൂലം മരണമടയുകയായിരുന്നു. ഒരു കിടക്ക പോലും ഇല്ലാത്ത മുറിയിലാണ് കുട്ടികൾക്ക് ആഹാരം നൽകാതെ അടച്ചിട്ടിരുന്നത്.

കുട്ടികളേക്കാൾ വളർത്തു മൃഗങ്ങളെയാണ് നിക്കോൾ കൂടുതൽ സ്നേഹിച്ചിരുന്നതെന്ന് കേസിന്‍റെ വിസ്താരത്തിനിടെ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts