തൊട്ടതിനും പിടിച്ചതിനും സംഘടനകള്‍ രൂപകരിക്കുന്ന കാലമാണിത്. സിനിമാ ലോകത്ത് ഇതിത്തിരി കടുതലാണ് താനും. നിര്‍മാതാക്കള്‍ക്കൊരു സംഘടന, ഡിസ്ട്രിബുട്ടേഴ്സിനൊന്ന്, എക്സിബിറ്റേഴ്സിന് മറ്റൊന്ന് അങ്ങനെ നീളുന്നു സംഘടനകളുടെ നീണ്ട നിര. ആദ്യകാലങ്ങളില്‍ നിര്‍മാതാക്കള്‍ക്ക് മാത്രമേ സംഘടന ഉണ്ടായിരുന്നുള്ളു. പിന്നീടാണ് പലവിധ സംഘടനകള്‍ നിലവില്‍ വന്നത്. പല സംഘടനകളും നിലവില്‍ വന്നതിന് പിന്നില്‍ ഓരോരോ കഥകളുമുണ്ട്.
അതുപോലെ ഇപ്പോള്‍ മലയാള സിനിമാ ലോകത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന താരസംഘടനയായ ‘അമ്മ’യ്ക്കുമുണ്ട് ഒരു കഥ പറയാന്‍. ഈ കഥ പറയുന്നത് മറ്റാരുമല്ല ‘അമ്മ’യുടെ പ്രിയപുത്രനും, നടനും നിര്‍മാതാവുമായ മണിയന് പിള്ള രാജുവാണ്. മലയാള സിനിമാ അഭിനേതാക്കള്‍ക്ക് മാത്രമായി സംഘടനയുണ്ടാകുന്നത് ഒരു കുപ്പിവെള്ളത്തില്‍ നിന്നാണ്. അക്കഥ ഇങ്ങനെ…
ബിസ്ലറി ബോട്ടിലില്‍ വെള്ളം പുറത്തിറങ്ങി തുടങ്ങിയ കാലം. ശുദ്ധമായ വെള്ളം എന്ന നിലയ്ക്ക് ആളുകള്‍ അത് വാങ്ങി കുടിക്കാന്‍ താത്പര്യം കാണിച്ചു. സിനിമാസെറ്റുകളിലും കുപ്പിവെള്ളം എത്തിത്തുടങ്ങി. ഒരു സിനിമയുടെ സെറ്റില്‍ രാജു ഒരു കുപ്പി വെള്ളം ആവശ്യപ്പെട്ടു. ഇതുകേട്ട നിര്‍മാതാവ് തനിക്കൊക്കെ എന്തിനാ കുപ്പിവെള്ളം വേണമെങ്കില്‍ പൈപ്പിലെ വെള്ളം കുടിക്ക് എന്ന് എല്ലാവരും കേള്‍ക്കേ ഉറക്കെ വിളിച്ചു പറഞ്ഞു പരിഹസിച്ചു. ഇത് രാജുവിനെ വല്ലാതെ വേദനിപ്പിച്ചു.
പിന്നീട് ഒരവസരത്തില്‍ രാജു ഇക്കാര്യം സുരേഷ്ഗോപി ഉള്‍പ്പെടെയുള്ള കുറച്ചുപേരോട് ഇക്കാര്യം പറഞ്ഞു. കേട്ടവര്‍ക്കെല്ലാം അത് ഏറെ വേദനയുണ്ടാക്കി. ഇനി ഒരു നടനും നടിക്കും ഇത്തരം ഒരനുഭവമുണ്ടാകരുത്. അതിന് പോംവഴി എന്നോണം നമുക്കും ഒരു കൂട്ടായ്മ വേണമെന്ന് അന്നവര്‍ തീരുമാനിച്ചു. ഒരു സംഘടന ഉണ്ടെങ്കിലെ ഒത്തൊരുമിക്കാനും ചര്‍ച്ചകള്‍ നടത്താനും സാധിക്കൂ. സിനിമയിലെ പ്രമുഖരായ നടീനടന്മാര് മുതല്‍ പലരെയും വിളിച്ച് ഒരു സംഘടന വേണമെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും അനുകൂലിച്ചു. അങ്ങനെയാണ് താരങ്ങള്‍ക്കുവേണ്ടി ‘അമ്മ’ എന്ന സംഘടന രൂപപ്പെട്ടത്. ഇപ്പോള്‍ മനസിലായില്ലേ വെറും കുപ്പിവെള്ളത്തിനു പോലും ഒരു വലിയ സംഘടനയ്ക്കു രൂപം കൊടുക്കാന്‍ സാധിക്കും എന്ന്. ഓരോരോ നിമിത്തങ്ങളേ…