കൊച്ചി: നടന്‍ ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവന നടത്തിയത് അവൈലബിള്‍ എക്‌സിക്യൂട്ടീവാണ്. അതിനു ശേഷം ഉടന്‍ എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്നും ദിലീപിന്റെ പുറത്താക്കല്‍ തീരുമാനത്തിന് ഉടന്‍ അംഗീകാരം നല്‍കുമെന്നും മമ്മൂട്ടി അറിയിച്ചിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ദിലീപിനെ പുറത്താക്കാന്‍ താരങ്ങള്‍ പേടിക്കുന്നു എന്ന സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ‘അമ്മ’യുടെ യോഗങ്ങള്‍ ഉണ്ടാകില്ല. താര സംഘടനയില്ലാതെ തന്നെ മുന്നോട്ടു പോകാന്‍ മുതിര്‍ന്ന നടന്മാര്‍ തീരുമാനിച്ചതായാണ് സൂചന. ദിലീപിനെ ഉള്‍ക്കൊണ്ടാലും ഇല്ലെങ്കിലും സംഘടന പിളരും. താരങ്ങള്‍ രണ്ട് ചേരിയിലായെന്ന പേരു ദോഷം ഒഴിവാക്കാനാണ് നീക്കം. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് അടക്കമുള്ളവര്‍ വിഷയത്തില്‍ ഒളിച്ചു കളി തുടരുകയാണ്. ദിലീപിനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ഇന്നസെന്റ്.
അമ്മ നിര്‍മിച്ച സിനിമയായ ട്വന്റിട്വന്റിയിലൂടെ ദിലീപിന്റെ കീശയില്‍ വീണത് ഏകദേശം 20 കോടി രൂപയാണ്. നിര്‍മ്മാണ രംഗത്ത് സജീവമായതോടെ സംഘടന തന്നെ കൈപ്പിടിയിലൊതുക്കി. എന്നാല്‍ ദിലീപ് ജയിലിലായതോടെ വിമതര്‍ സജീവമായി. എന്നാല്‍ ചുമതല വിടാന്‍ തയ്യാറായി നില്‍ക്കുകയാണ് മുതിര്‍ന്ന ഭാരവാഹികള്‍. സ്ഥാനം ഏറ്റെടുക്കാന്‍ സര്‍വ്വ സമ്മതനായ അളെ കണ്ടെത്താതെ അമ്മയോഗം ചേരില്ലെന്നും സൂചന. ദിലീപ് ജയിലാതോടെ താരസംഘടനക്ക് ഇപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട അവസ്ഥയാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അതിനിടെയാണ് താര സംഘടനയില്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടിലേക്ക് മെഗാതാരങ്ങളെത്തുന്നത്. ഒത്തുതീര്‍പ്പിന് ദുബായ് അധോലോകവും സജീവമായി ഉണ്ട്.
അമ്മയിലെ സ്ഥാനം രാജിവയ്ക്കാന്‍ ഇന്നസെന്റെ തയ്യാറാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഇത് മടുത്തിട്ടുമുണ്ട്. പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് ദിലീപിനെ പുറത്താക്കാന്‍ ചരടു വലികള്‍ നടന്നത്. ദിലീപിന്റെ അറസ്റ്റിന്റെ സമയത്ത് നേതൃത്വത്തിനെതിരെ കടുത്ത നിലപാട് എടുക്കുകയും ചെയ്തു. എന്നാല്‍ സിനിമയെ നിയന്ത്രിച്ചിരുന്ന ദിലീപ് അഴിക്കുള്ളിലായത് സിനിമാ മേഖലയെ ആകെ തളര്‍ത്തി. പൃഥ്വിരാജിന്റെ ടിയാന് മികച്ച ഇനിഷ്യല്‍ പോലും കിട്ടിയില്ല. കൊച്ചു പടങ്ങളെല്ലാം പൊളിഞ്ഞു. സൂപ്പര്‍താരങ്ങള്‍ക്ക് ഓണത്തിന് പോലും സിനിമയിറക്കാന്‍ ധൈര്യമില്ല. ഇത്തരമൊരു സാഹചര്യം താരങ്ങളെ അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറ്റുമുട്ടലുകള്‍ക്ക് പൃഥ്വി പോലും തയ്യാറാകില്ല. ഈ സാഹചര്യത്തിലാണ് അമ്മയുടെ യോഗം വിളിക്കാന്‍ ആക്രമിക്കപ്പെട്ട നടിയെ അനുകൂലിക്കുന്നവര്‍ പോലും മടി കാട്ടുന്നത്. എങ്ങനെയെങ്കിലും എല്ലാം തീരട്ടേയെന്നാണ് അവരുടെ പക്ഷം.
മലയാള സിനിമയിലെ വമ്പന്മാരില്‍ പലര്‍ക്കും ദിലീപിനെ ഭയമുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുയര്‍ന്ന എന്‍ഫോഴ്സ്മെന്റ് അന്വേഷണമാണ് ഇതിന് കാരണം. ദുബായിലെ ദാവൂദ് ഇബ്രാഹിമിന്റെ ഏജന്റായ ഗുല്‍ഷനുമായി പല സിനിമാക്കാര്‍ക്കും ബന്ധമുണ്ട്. കള്ളപ്പണ ഇടപാടുകള്‍ ദുബായ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ദിലീപിന്റെ സ്വത്തുക്കളെ കുറിച്ച് അന്വേഷിച്ച എന്‍ഫോഴ്സ്മെന്റിന് 700 കോടിയോളം രൂപയുടെ ആസ്തി കണ്ടെത്താനായിട്ടുണ്ട്. 150 സിനിമകളില്‍ മാത്രം അഭിനയിച്ച ദിലീപിന് ഇത്രയധികം സ്വത്തുണ്ടാവുകയെന്നത് അസ്വാഭാവികമാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പല നടന്മാരുടേയും അവിഹിത സ്വത്തുക്കളെ കുറിച്ച് എന്‍ഫോഴ്സ്മെന്റിന് വിവരം കിട്ടി. ഇത് ദിലീപിനും അറിയാം. എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തില്‍ ഈ പേരുകള്‍ ദിലീപ് പറയുമെന്ന ഭയം സിനിമാലോകത്തിന് ആകെയുണ്ട്. അതുകൊണ്ട് തന്നെ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കി പ്രകോപിപ്പിക്കാന്‍ പല മുതിര്‍ന്ന നടന്മാര്‍ക്കും താല്‍പ്പര്യമില്ല.
ഇതിന് തന്ത്രപരമായ നീക്കമാണ് താരരാജാക്കന്മാര്‍ നടത്തുന്നത്. അമ്മയിലെ സ്ഥാനമാനങ്ങള്‍ ഇന്നസെന്റും തങ്ങളും ഒഴിയും. പകരം പൃഥ്വിരാജ് സ്ഥാനം ഏറ്റെടുക്കണം. എന്നാല്‍ വിവാദങ്ങള്‍ പെടാന്‍ പൃഥ്വിക്ക് ആഗ്രഹമില്ല. അതുകൊണ്ട് തന്നെ സ്ഥാനം ഏറ്റെടുക്കാനും തയ്യാറല്ല. ബോബന്‍ കുഞ്ചാക്കോയെ പോലുള്ള സര്‍വ്വ സമ്മതരും അമ്മയില്‍ ഇടപെട്ട് പേര് ദോഷമാകാന്‍ ആഗ്രഹിക്കുന്നില്ല. ദിലീപ് ജയിലില്‍ നിന്ന് എത്തിയാല്‍ കളിയെല്ലാം മാറുമെന്ന് അവര്‍ക്ക് അറിയാം. ദിലീപിനെ പുറത്താക്കിയാലും സംഘടന പിളരും. ഇല്ലെങ്കിലും അത് സംഭവിക്കും. അതു കൊണ്ട് തന്നെ നേതൃത്വം ഏറ്റെടുത്ത് പിളര്‍പ്പിന്റെ ഉത്തരവാദിയാകാന്‍ പൃഥ്വിയും സംഘവും തയ്യാറല്ല. ഇത് മനസ്സിലാക്കി മുതിര്‍ന്ന താരങ്ങള്‍ തങ്ങള്‍ സ്ഥാനം ഒഴിയാമെന്നും നേതൃത്വം ഏറ്റെടുക്കണമെന്നും പൃഥ്വിയോട് അഭ്യര്‍ത്ഥിക്കുകയാണ്.
ഈ ചര്‍ച്ചയില്‍ തീരുമാനം നീളുന്നതും കൊണ്ടാണ് അമ്മയുടെ എക്സിക്യൂട്ടീവ് നീളുന്നത്. ദിലീപിനെ സസ്പെന്റ് ചെയ്യാം. കേസ് തീരുമ്പോള്‍ തിരിച്ചെടുക്കാമെന്നാണ് ഇന്നസെന്റിന്റെ നിലപാട്.ഇത് അംഗീകരിക്കാന്‍ മറുപക്ഷം തയ്യാറല്ല. ഈ പുലിവാല് ഏറ്റെടുക്കാനും ആരുമില്ല. അതു കൊണ്ട് അമ്മയുടെ യോഗം വിളിക്കാത്തത് വിവാദ വിഷയവും ആകുന്നില്ല. ഫലത്തില്‍ താരസംഘടനയുടെ പ്രവര്‍ത്തനം പതിയെ അവസാനിക്കാനാണ് സാധ്യത. അമ്മയില്‍ നിന്ന് പെന്‍ഷന്‍ കിട്ടുന്ന മുന്‍കാല താരങ്ങളെ മാത്രമാകും ഇത് ഫലത്തില്‍ ബാധിക്കുക.