കൊച്ചി: താര സംഘടനയായ “അമ്മ’യിലെ ഭാരവാഹി തെരഞ്ഞെടുപ്പിനെതിരേ നടന് രമേഷ് പിഷാരടി. “തന്നെക്കാള്‍ കുറവ് വോട്ടുകള്‍ നേടിയവര്‍ വിജയികളായി’ എന്നു തുറന്നടിച്ചിരിക്കുകയാണ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തെരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് തുറന്നടിച്ച് രമേഷ് പിഷാരടി എല്ലാ അംഗങ്ങള്‍ക്കും കത്തയച്ചു.
ജനാധിപത്യവ്യവസ്ഥിതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് കൂടുതല്‍ ലഭിക്കുന്ന സ്ഥാനാര്‍ഥിയാണ് വിജയി. അപ്പോഴേ അത് ജനങ്ങളുടെ തീരുമാനമാകൂ. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് കൂടുതല്‍ ലഭിക്കുകയും അയാളെക്കാള്‍ വോട്ട് കുറഞ്ഞവര്‍ക്കുവേണ്ടി മാറികൊടുക്കുകയും ചെയ്യേണ്ടിവരുന്നത് ജനഹിതം റദ്ദുചെയ്യുന്നതിനു തുല്യമാണെന്നും കത്തില്‍ പറയുന്നു.
“ഞാന്‍ പരാജയപ്പെട്ടെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഒഴിവാക്കാമായിരുന്നു. അതും എന്നെക്കാള്‍ ഗണ്യമായ വോട്ടുകള്‍ കുറവുള്ളവര്‍ വിജയികളായി അറിയപ്പെടുമ്പോള്‍. തെരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ഭാരവാഹികളുടെ ഉത്തരവാദിത്വമായിരുന്നു.’ കത്തില്‍ പറയുന്നു.
വനിതകള്‍ക്കുവേണ്ടി നാലു സീറ്റുകള്‍ നീക്കിവെക്കുകയാണ് സംവരണം നടപ്പാക്കാനുള്ള എളുപ്പവഴി. പുരുഷന്മാരെ മത്സരിപ്പിക്കാതിരിക്കുക. ബൈലോയില്‍ എല്ലാ കാര്യങ്ങളും നേരത്തേ വ്യക്തമാക്കിയിരുന്നെന്ന് ന്യായം പറയാമെങ്കിലും ജനാധിപത്യമെന്ന വാക്ക് പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കണം. സ്ത്രീസംവരണം കൃത്യമായി നടപ്പാക്കാന്‍ ബൈലോ ഭേദഗതിചെയ്യണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.