കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുത്തതായി പ്രഖ്യാപിച്ചത്. ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയം ഉണ്ടായിരുന്നില്ലെങ്കിലും വിഷയം പലരിലൂടെയും ചര്‍ച്ചയാവുകയായിരുന്നു.
നടന് ദിലീപിനായി ആദ്യം വാദിച്ചത് നടിയും നര്‍ത്തകിയുമായ ഊര്‍മ്മിള ഉണ്ണിയാണ്. തുടര്‍ന്ന് ഈ വിഷയത്തില്‍ നിരവധി താരങ്ങളുടെ അനുകൂല പ്രതികരണം ഉയര്‍ന്നു. ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും അതിനാല്‍ തന്നെ പുറത്താക്കല്‍ നിലനില്‍ക്കുന്നതല്ലെന്നും ഇടവേള ബാബു വാദിച്ചു. ദിലീപിന്റെ വിശദീകരണം പോലും തേടാതെയാണ് അത്തരമൊരു നടപടി സ്വീകരിച്ചത്. അതു തെറ്റായിപ്പോയെന്നും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബൂ കൂട്ടിച്ചേര്‍ത്തു.
ദിലീപ് കേസിന് പോയിരുന്നുവെങ്കില്‍ താരസംഘടന കുടുങ്ങിയേനെ എന്നായിരുന്നു ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നടന് സിദ്ധിഖിന്റെ പ്രതികരണം. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങളും നടന് പൃഥിരാജും യോഗത്തില്‍ നിന്ന് വിട്ടുനിന്നതും ശ്രദ്ധേയമായി.