മൂന്ന് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് പതിവാണ്! എന്തടിസ്ഥാനത്തിലാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് മനസിലാവുന്നില്ല; അഭ്യൂഹങ്ങള്‍ തള്ളി ഇടവേള ബാബു

മലയാള സിനിമയിലെ താരസംഘടനയില്‍ പുതിയ നേതൃത്വം വരുന്നുവെന്നും മോഹന്‍ലാല്‍ പുതിയ പ്രസിഡന്റാകുമെന്നും പൃഥിരാജ്, രമ്യ നമ്പീശന്‍ തുടങ്ങിയ ഏതാനും യുവനിരയ്‌ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാവുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ഇതുസംബന്ധിച്ച് ആരും ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ഭാരവാഹികളെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സെക്രട്ടറി ഇടവേള ബാബു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ഇതുസംബന്ധിച്ച് സംസാരിക്കവെയാണ് ഇടവേള ബാബു ഇക്കാര്യം പറഞ്ഞത്.

‘മൂന്ന് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാറുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ അവസാനത്തോടു കൂടി ജനറല്‍ ബോഡി യോഗം നടക്കും. പ്രസിഡന്റ് ആരാകണമെന്നൊന്നും തീരുമാനിച്ചിട്ടില്ല. എന്തടിസ്ഥാനത്തിലാണ് ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് എനിക്കറിയില്ല’.

താരസംഘടനയായ അമ്മ അടിമുടി അഴിച്ചുപണിയുന്നതായാണ് വാര്‍ത്തകള്‍ വന്നത്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായും പൃഥിരാജിനും രമ്യ നമ്പീശനുമെതിരെ കനത്ത നടപടി ഉണ്ടാകുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെയാണ് ഇപ്പോള്‍ ഇടവേള ബാബു തള്ളിയിരിക്കുന്നത്.

Related posts