കൊച്ചി: ചാനലുകൾ സംഘടിപ്പിക്കുന്ന താരനിശകളിൽനിന്ന് ചലച്ചിത്രതാരങ്ങൾ വിട്ടുനിൽക്കണമെന്ന നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയായ ഫിലിം ചേംബറിന്റെ ആവശ്യം ഉടൻ നടക്കില്ലെന്ന് താരസംഘടനയായ അമ്മ.
ഇന്നലെ കൊച്ചിയിൽ ചേർന്ന പ്രത്യേക യോഗത്തിൽ ബഹിഷ്കരണം സംബന്ധിച്ച് ഫിലിം ചേംബർ ഭാരവാഹികൾ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും അമ്മ ഭാരവാഹികൾ തള്ളുകയായിരുന്നു. ചാനലുകളുടെ താരനിശകളിൽനിന്ന് അടുത്ത മൂന്നു വർഷത്തേക്ക് താരങ്ങളെ വിലക്കണമെന്നായിരുന്നു ഫിലിം ചേംബറിന്റെ ആവശ്യം.
എന്നാൽ, ചില ചാനലുകളുടെ നടപടികളോട് എതിർപ്പുണ്ടെങ്കിലും നിലവിൽ നിസഹകരണം വേണ്ടെന്ന നിലപാടാണ് താരസംഘടന സ്വീകരിച്ചത്. വിഷയം സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണ്. ഫിലിം ചേംബർ ഭാരവാഹികൾ ഉന്നയിക്കുന്ന ചില കാര്യങ്ങൾ വസ്തുതാപരമാണ്.
ഇക്കാര്യങ്ങൾ അമ്മയുടെ അടുത്ത എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്ത് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കുകയായിരുന്നു. ഓരോ സംഘടനകളുടെയും അഭിപ്രായം തേടിയശേഷം തീരുമാനമെടുക്കാമെന്ന ധാരണയിൽ യോഗം പിരിഞ്ഞു.
ഇന്നലെ രാവിലെ നടന്ന യോഗത്തിൽ അമ്മയെ പ്രതിനിധീകരിച്ച് ഭാരവാഹികളായ ഇന്നസെന്റ്, ഇടവേള ബാബു, സിദ്ദിഖ്, കെ.ബി. ഗണേഷ് കുമാർ എന്നിവർ പങ്കെടുത്തു. തുടക്കം മുതൽ കലുഷിതമായിരുന്ന യോഗത്തിൽ ചർച്ച പൂർത്തിയാകുംമുന്പ് തങ്ങളുടെ നിലപാടറിയിച്ചശേഷം ഇന്നസെന്റും ഗണേഷ് കുമാറും മടങ്ങി. ചാനലുകൾ പ്രമുഖ സിനിമകളുടെ സാറ്റലൈറ്റ് അവകാശം മാത്രമാണ് ഏറ്റെടുക്കുന്നതെന്നാണ് ഫിലിം ചേംബറിന്റെ ആരോപണം.