കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താര സംഘടനയായ അമ്മ തിരിച്ചെടുത്തതിൽ ചലച്ചിത്ര പ്രവർത്തകർക്കിടയിലുള്ള അമർഷം വരും ദിവസങ്ങളിൽ ആളിപ്പടർന്നേക്കും. തങ്ങൾ പുറത്തുനിന്നു പോരാടുമെന്നും അമ്മ നിലപാട് തിരുത്തിയില്ലെങ്കിൽ കൂടുതൽപേർ പുറത്തേക്കുള്ള വഴിയിലാണെന്നും അമ്മവിട്ടിറങ്ങിയവർ വെളിപ്പെടുത്തിയതോടെ പുറത്തേയ്ക്കുവരാൻ ഒരുങ്ങുന്നത് ആരൊക്കെയാണെന്ന ചർച്ച ചലച്ചിത്ര മേഖലയിൽ സജീവമായി.
വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളായ നടിമാരുടെ രാജി ഉയർത്തികാട്ടി താരസംഘടനയ്ക്കുള്ളിൽ പ്രതിഷേധം ഉയർത്തുവാനുള്ള നീക്കമാണു മറ്റു ഡബ്ല്യുസിസി അംഗങ്ങൾ നടത്തുന്നത്.
അതേസമയം, ഡബ്ല്യുസിസി അംഗങ്ങളായ മറ്റു നടിമാർ അമ്മയ്ക്കുള്ളിൽ നടത്തുന്ന പ്രതിഷേധം ഫലവത്താകണമെങ്കിൽ യുവ നടൻമാർ ഉൾപ്പെടെയുള്ളവരുടെ നിലപാടുകൾ നിർണായകമാകും. നടി ആക്രമണത്തിന് ഇരയായ കേസിൽ കുറ്റാരോപിതനായ നടനെതിരേ ശക്തമായ രംഗത്തുവന്ന പൃഥ്വിരാജ്, ആസിഫ് അലി അടക്കമുള്ളവരിലേക്കാണ് ഏവരുടെയും കണ്ണുകൾ.
എന്നാൽ, ഇതുവരെയായി ഇവരാരും നടിമാരുടെ രാജിക്കാര്യത്തിൽ പ്രതികരിച്ചിട്ടുമില്ല. അമ്മ ഭാരവാഹികളും നടിമാരുടെ രാജിക്കാര്യത്തിൽ മൗനം തുടരുകയാണ്. രാജിക്കാര്യത്തിൽ സംഘടനയിൽ ചർച്ച ഉണ്ടാകുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അമ്മാഭാരവാഹികൾ മൗനം പാലിക്കുകയാണ്. അതേസമയം, അമ്മയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ഉടൻ ദിലീപിനെ തിരിച്ചെടുക്കാനെടുത്ത തിരുമാനം മോഹൻലാലിന്റെ പ്രതിച്ഛായയ്ക്കു ദോഷം ചെയ്തതായും സോഷ്യൽമീഡിയയിൽ സംസാരമുണ്ട്.
എന്നാൽ, പരസ്യ പ്രസ്താവനയ്ക്ക് ആരും മുതിരുന്നുമില്ല. നടി ആക്രമണത്തിന് ഇരയായ കേസ് വിചാരണയ്ക്കായി കോടതിയിൽ എത്തിനിൽക്കേ ദിലിപിനെ തിരിച്ചെടുക്കുന്നതിൽ തിടുക്കം കാട്ടേണ്ടിയിരുന്നില്ലെന്നാണു പറയുന്നത്. അതേസമയം, ഡബ്ല്യുസിസി അംഗങ്ങളായ മഞ്ജു വാര്യർ, പാർവതി തുടങ്ങിയവരും തങ്ങളുടെ നിലപാടു വ്യക്തമാക്കിയിട്ടില്ല.
ആക്രമണത്തിന് ഇരയായ നടി ഉൾപ്പെടെ ഡബ്ല്യുസിസി അംഗങ്ങളായ നാലു നടിമാരാണു ഇന്നലെ താരസംഘടനയിൽനിന്നു രാജിവച്ചത്. അമ്മ മുൻ നിർവാഹക സമിതി അംഗം ഗീതു മോഹൻദാസ്, റീമാ കല്ലിങ്കൽ, രമ്യാ നന്പീശൻ എന്നിവരാണു രാജിവച്ച മറ്റ് നടിമാർ. അവൾക്കൊപ്പം ഞങ്ങളും രാജി വയ്ക്കുന്നു എന്ന പ്രസ്താവനയോടെ ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് രാജി വിവരം അറിയിച്ചത്.
തുടർന്ന് നടിമാരുടെ രാജിയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തുവരികയും ചെയ്തു. നടനെ തിരിച്ചെടുത്തതിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തുവന്ന സാഹചര്യത്തിൽ അമ്മ തീരുമാനം പുനപരിശോധിക്കാനുള്ള സാഹചര്യവും നിലനിൽക്കുന്നു. അതേസമയം, താരസംഘടനയിലെ ഇടത് അനുഭാവികളായ നേതാക്കളും മൗനം തുടരുകയാണ്.