കോഴിക്കോട്: നടന്മാര്ക്കും സംവിധായകര്‍ക്കും എതിരായ ലൈംഗിക ആരോപണങ്ങളില്‍ അമ്മയില്‍ തിരക്ക് പിടിച്ച് തീരുമാനങ്ങള്‍ വേണ്ടെന്ന് തീരുമാനം. ആരോപണങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിജസ്ഥിതി അന്വേഷിച്ചശേഷം മാത്രം മതി പരസ്യമായി തള്ളിപ്പറയലും കൂടെ കൂട്ടലുമെന്നാണ് തീരുമാനം.
ഇനിയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുമെന്നാണ് സിനിമാ മേഖലയില്‍നിന്നുള്ള വിവരം. ആരോപണങ്ങള്‍ നേരിടുന്നവര്‍ തന്നെ അതിനുള്ള മറുപടിയുമായും നിയമപോരാട്ടവുമായും മുന്നോട്ടുപോകട്ടെയെന്നനിലപാടാണ് താരസംഘടനയ്ക്കുള്ളത്.
മുന്‍നിരതാരങ്ങളെല്ലാം സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ടും ഓണക്കാല സിനിമകളുടെ പ്രമോഷന് വര്‍ക്കുകളുമായി ബന്ധപ്പെട്ടും തിരക്കിലാണ്. യുവനടി രേവതി സമ്പത്തിന്റെ പരാതിയില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവക്കേണ്ടി വന്ന സിദ്ദിഖിനെതിരേ ഉടന്‍ കേസ് എടുക്കാനുള്ള സാധ്യത ഏറെയാണ്. നടി അന്വേഷണസംഘത്തിന് മൊഴി നല്കിയാല് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണം നടക്കട്ടെ മറ്റ് തലവേദനകള്‍ ഏറ്റെടുക്കേണ്ട എന്നാണ് അമ്മയുടെ നിലപാട്.
അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് അസൗകര്യമുള്ളതിനാലാണ് ഇന്ന് ചേരേണ്ടിയിരുന്ന എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചതെന്നാണ് പയുന്നതെങ്കിലും നിലവിലെ പ്രക്ഷുബ്ദസാഹചര്യത്തില് യോഗം കൂടിയാല്‍ അത് വാദപ്രതിവാദങ്ങളിലേ അവസാനിക്കൂവെന്നും വീണ്ടും മാധ്യമങ്ങള്‍ക്ക് അഘോഷിക്കാനുള്ള വക നല്‍കുമെന്നുമാണ് മുന്‍നിര താരങ്ങളുടെ നിലപാട്. തിരക്കു പിടിച്ച് യോഗം ചേരേണ്ടതില്ലെന്നും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക് അത് നടക്കട്ടെയെന്നും അമ്മ കരുതുന്നു.
പലരെയും ലക്ഷ്യം വച്ചുള്ള തുടർച്ചയായ ആരോപണങ്ങളുടെ യാഥാർഥ്യം അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. അവസരങ്ങള്‍ ലഭിക്കാത്തവരും മറ്റ് അനിഷ്ടങ്ങള്‍ ഉള്ളവരും ഇനിയും രംഗത്തുവരുമെന്ന മണിയന്‍പിള്ള രാജുവിന്റെ പ്രതികരണവും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. അതിനിടെ നടന് പൃഥ്വിരാജ് ഉള്‍പ്പെടെ വിഷയത്തില്‍ അമ്മയ്ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
സര്‍ക്കാര്‍ അന്വേഷണം അമ്മ ഭാരവാഹികളില്‍ ഒരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസമാണ്. വിവിധ ക്ഷേമ പെന്‍ഷനുകളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നുപോകേണ്ടതിനാല് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നിലവിൽ മുന്‍ഗണന നല്‍കാനാണ് അമ്മ നേതൃത്വത്തിന്റെ നീക്കം.