നടിയ അക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെതിരേ താരസംഘടന സ്വീകരിച്ച നടപടി പുകമറ മാത്രമായിരുന്നെന്നു വ്യക്തമാക്കുന്ന സംഘടനാ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ 26ന് കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ സൂചനകളുള്ളത്. റിപ്പോര്‍ട്ടില്‍ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടിന്റെ ആറാം പേജിലാണ് ഇക്കാര്യം പറയുന്നത്. സംഘടനയുടെ അംഗമായ ദിലീപിന്റെ അംഗത്വം റദ്ദാക്കാന്‍ പ്രത്യേക ചില സാഹചര്യങ്ങളില്‍ അവയ്ലബിള് എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ തീരുമാനമെടുത്തു.
തുടര്‍ന്ന് ചേര്‍ന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഈ നടപടി മരവിപ്പിച്ചെന്നും കൂടുതല്‍ നിയമസാധുതയ്ക്കായി ഇതിന്റെ തുടര്‍ നടപടികളെല്ലാം വാര്‍ഷിക പൊതുയോഗത്തിന്റെ പരിഗണനയ്ക്കായി മാറ്റിവച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനം അജന്‍ഡയില്‍ ഉണ്ടായിരുന്നില്ലെന്നും യോഗത്തിനിടെ പെട്ടെന്ന് ഉന്നയിക്കപ്പെടുകയായിരുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം താരസംഘടന കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നത്.
അതേസമയം, യോഗം അവസാനിക്കാറായ സമയത്തു വേദിയില്‍ ഉണ്ടായിരുന്നവര്‍ എന്തെങ്കിലും ചോദ്യം ബാക്കിയുണ്ടോയെന്ന് ആരാഞ്ഞുവെന്നാണ് യോഗത്തില്‍ ഈ ആവശ്യം ഉന്നയിച്ച ഊര്‍മിള ഉണ്ണി പറഞ്ഞിരുന്നത്.
ദിലീപിനെ തിരിച്ചെടുക്കുമോ എന്നറിയാന്‍ താത്പര്യം ഉണ്ടായിരുന്നു. ആര്‍ക്കും ഇതു ചോദിക്കാന്‍ ധൈര്യം ഇല്ലായിരുന്നു. ഇനി ചോദ്യമുണ്ടോ എന്നാരാഞ്ഞപ്പോള്‍ എല്ലാവരും നിര്‍ബന്ധിക്കുകയും താന്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. വൈകുന്നേരം ചേരുന്ന നിര്‍വാഹകസമിതി യോഗത്തില്‍ തീരുമാനം എടുക്കാമെന്ന മറുപടി ലഭിക്കുകയായിരുന്നുവെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു.
ദിലീപിനെ തിരിച്ചെടുക്കാന്‍ സംഘടന തീരുമാനിച്ചതോടെ നേതൃത്വത്തിനെതിരേ വലിയ വിമര്‍ശനങ്ങളാണു സംഘടനയ്ക്കുള്ളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും ഉയര്‍ന്നത്. ഇപ്പോഴത്തെ നേതൃത്വത്തിനെതിരെയായിരുന്നു പ്രതിഷേധം.
പുതിയ നേതൃത്വത്തിന്റെ പക്വതയില്ലാത്ത തീരുമാനമാണിതെന്നും ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു. പുതിയ പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായി.
ഈ സാഹചര്യത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മുന്‍കൂട്ടി അജന്‍ഡയില്‍ ഉള്‍പ്പെടുത്തി തന്നെ ആയിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.