മൂവാറ്റുപുഴ: അല്ലലില്ലാതെ ജീവിക്കാൻ ആകെ ഉണ്ടായിരുന്ന കിടപ്പാടം കാലവർഷത്തിൽ കാലിതൊഴുത്തു പോലെയായ വേദന ടിന്റുവിന് താങ്ങാനാകുന്നില്ല. ആയവന പഞ്ചായത്ത് ഒന്നാം വാർഡിൽ പുന്നമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന ടിന്റു ബിനുവിനാണ് ഒരു വ്യാഴവട്ടകാലംകൊണ്ടു സന്പാദിച്ചതെല്ലാം മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. ടിന്റുവും നാലു പെൺമക്കളും വയോധികയായ അമ്മയും ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ്.
രണ്ടു വർഷം മുന്പാണ് ടിന്റുവിന്റെ ഭർത്താവ് മരിച്ചത്. തുടർന്നു പുന്നമറ്റത്തെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. കൂലിവേല ചെയ്താണ് ഈ നിർധന കുടുംബം കഴിഞ്ഞിരുന്നത്. ടിന്റുവിന്റെ തുച്ഛമായ വരുമാനംകൊണ്ടാണു വീടിന്റെ വാടകയും കുട്ടികളുടെ പഠനച്ചെലവും മാതാവിന്റെ ചികിത്സാച്ചെലവും നടത്തിയിരുന്നത്.
വെള്ളപ്പൊക്കത്തിൽ കുട്ടികളെയുംകൊണ്ട് പുന്നമറ്റം സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്കു മാറുകയായിരുന്നു. പ്രളയത്തിന്റെ കുത്തൊഴുക്കിൽ ഉടുതുണിയും രണ്ടു കട്ടിലും ഒഴികെ ബാക്കിയുള്ളവയെല്ലാം ഒഴുകിപ്പോയി. ഓടിട്ട വീടിനും കേടുപാടുകൾ സംഭവിച്ചു. ഇതോടെ വീട്ടിൽ താമസിക്കാൻ പറ്റാതായി.
ദുരിതാശ്വാസ ക്യാന്പിൽ അഭയം തേടിയ നിർധന കുടുംബം ക്യാന്പ് അവസാനിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. തുടർന്ന് തൊടുപുഴ പുറപ്പുഴയിലുള്ള ബന്ധുവീട്ടിൽ അഭയം തേടുകയായിരുന്നു. നാലു മക്കൾ ആറിലും മൂന്നിലും രണ്ടിലും അങ്കണവാടിയിലുമായി പഠിക്കുന്നു. തൊടുപുഴയിലെ ബന്ധുവീട്ടിലേക്കു താമസം മാറിയതോടെ കുട്ടികളുടെ പഠിപ്പു മുടങ്ങി.
മൂവാറ്റുപുഴയിലും സമീപപ്രദേശങ്ങളിലും വാടക വീടുകൾ അന്വേഷിച്ചങ്കിലും ഭീമമായ അഡ്വാൻസും വാടകയും നൽകാൻ ഈ നിർധന കുടുംബത്തിനാവില്ല. പായിപ്ര പഞ്ചായത്ത് 10-ാം വാർഡിൽ നിരപ്പിൽ അമ്മയ്ക്ക് സൗജന്യമായി ലഭിച്ച മൂന്ന് സെന്റ് സ്ഥലമുണ്ട്. ഇവിടെ ഒരു കൊച്ചുകൂര നിർമിക്കാൻ കഴിഞ്ഞാൽ കുടുംബത്തിന് ആശ്വാസമാകും.
കഴിഞ്ഞ ദിവസം കുട്ടികൾ പഠിക്കുന്ന ടൗണ് യുപി സ്കൂളിലെത്തിയ എൽദോ ഏബ്രഹാം എംഎൽഎയോട് അധ്യാപകർ ടിന്റുവിന്റെ ദുരവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. ടിന്റുവിന്റെയും കുടുംബത്തിനും വിദേശ മലയാളികളുടെയും സുഹൃത്തുക്കളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വേണ്ട സഹായങ്ങൾ നൽകുമെന്ന് എംഎൽഎ പറഞ്ഞു.