നവാസ് മേത്തർ
തലശേരി: തലശേരി ജനറൽ ആശുപത്രിയോടനുബന്ധിച്ച് പുതുതായി ആരംഭിക്കാനിരുന്ന അമ്മയും കുഞ്ഞും ആശുപത്രിക്ക് സിആർസെഡ് അനുമതിയില്ല. ആശുപത്രിക്കായി സ്ഥലം വാങ്ങുന്നതിന് ജനകീയ ധനസമാഹരണ യജ്ഞത്തിലൂടെ സ്വരൂപിച്ച 3,40, 00000 ലക്ഷം രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ തലശേരി ശാഖയിൽ പലിശ പോലും ലഭിക്കാതെ കറന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ട് രണ്ടര വർഷം പിന്നിടുന്നു.
2015 ജനുവരി നാലിന് തലശേരി നിയോജക മണ്ഡലത്തിലുടെനീളം 2700 സ്ക്വാഡുകൾ രംഗത്തിറങ്ങിയ സ്വരൂപിച്ച് തുകയുൾപ്പെടെ മൂന്ന് കോടി നാൽപത് ലക്ഷം രൂപയാണ് മുല്ലപ്പളളി രാമചന്ദ്രൻ എംപി, അന്നത്തെ തലശേരി എംഎൽഎ കോടിയേരി ബാലകൃഷ്ണൻ, നഗരസഭാധ്യക്ഷയായിരുന്ന ആമിന മാളിയേക്കൽ എന്നിവരുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളത്.
തലശേരി നഗരസഭയിൽ കണ്ടിക്കൽ പ്രദേശത്ത് അഞ്ച് വ്യക്തികളിൽ നിന്നായി മൂന്നേക്കർ 55 സെന്റ് സ്ഥലമാണ് ആശുപത്രിക്കായി അധികൃതർ കണ്ടെത്തിയത്. സെന്റിന് 50, 000 രൂപ വില നിശ്ചയിക്കുകയും സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ സിആർസെഡ്- ഡാറ്റാ ബാങ്ക് എന്നിവിടങ്ങളിൽ നിന്നുള്ള അനുമതിയോടെ മാത്രമേ സ്ഥലം വാങ്ങാവൂവെന്ന നിബന്ധനയോടെയാണ് സ്ഥലമെടുപ്പിന് സർക്കാർ അംഗീകാരം നൽകിയത്.
തുടർന്ന് സീനിയർ സൈന്റിസ്റ്റ് ഹരിനാരായണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിക്കുകയും അനുമതി നൽകാനാവില്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. പിന്നീട് വന്ന മൂന്നംഗ സംഘവും ഇതേ നിലപാട് ആവർത്തിച്ചു.തുടർന്ന് ഫയൽ കേന്ദ്ര സർക്കാരിന്റെ പരിഗണനക്കായി അയച്ച് അനുമതിക്കായി കാത്തിരിക്കുകയാണ് അധികൃതരിപ്പോൾ. കേന്ദ്രസർക്കാർ കനിഞ്ഞാൽ മാത്രമേ ഈ സ്ഥലത്ത് അമ്മയും കുഞ്ഞും ആശുപത്രി യാഥാർഥ്യമാകുകയുള്ളൂ.
ഇതിനിടയിൽ മലബാർ കാൻസർ സെന്റിന് സമീപത്തും സ്ഥലം കണ്ടെത്താനുള്ള നീക്കവും നടക്കുന്നുണ്ട്.പുന്നോൽ പെട്ടിപ്പാലത്തായിരുന്നു ആശുപത്രിക്കായി ആദ്യം സ്ഥലം നോക്കിയത്. എന്നാൽ ഇത് വിവാദമായതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് കണ്ടിക്കലിൽ സ്ഥലം കണ്ടെത്തിയത്. സ്ഥലം ലഭ്യമാക്കിയാലുടൻ അമ്മയും കുഞ്ഞും ആശുപത്രിക്ക് പണം അനുവദിക്കാമെന്നാണ് സർക്കാർ നിലപാട്.
ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരുമുൾപ്പെടെയുള്ള 2700 സ്ക്വാഡുകൾ നടത്തി ധനസമാഹരണത്തിന് പുറമെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകൾ എന്നിവയുൾപ്പെടെ സ്ഥാപനങ്ങളിൽ നിന്നും തലശേരി താലൂക്കിലെ ത്രിതല പഞ്ചായത്തുകളിൽ നിന്നും ആശുപത്രിക്കായി ധനസഹായം സ്വരൂപിച്ചിരുന്നു.