സ്വന്തം ലേഖകൻ
കൊച്ചി: താരസംഘടനയിലെ പ്രബല താരം ക്രിമിനൽ കേസിൽ അകത്താകുന്പോൾ, “അമ്മയ്ക്കും മക്കൾ’ക്കും മുന്പിൽ ആശയക്കുഴപ്പങ്ങൾ അനവധി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനു ക്ലീൻ ചിറ്റു നൽകിയുള്ള അമ്മ നേതൃത്വത്തിന്റെ കർശനനിലപാട്, ഇരയ്ക്കൊപ്പം നിന്നില്ലെന്ന പഴി, ജനറൽബോഡി യോഗത്തിനു ശേഷം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള താരങ്ങളുടെ മാധ്യമങ്ങളോടുള്ള പ്രതികരണം, സൂപ്പർ താരങ്ങളുടെ നിശബ്ദത, നടിമാരുടെ പരാതികൾ ഇതെല്ലാം മക്കളോടും മലയാളികളോടും വിശദീകരിക്കാൻ അമ്മ വിഷമിക്കും.
നടി ആക്രമിക്കപ്പെട്ടപ്പോഴും പ്രധാന പ്രതി സുനിൽകുമാർ പിടിയിലായപ്പോഴും താരസംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സിന്റെ (അമ്മ) ട്രഷറർ കൂടിയായ ദിലീപിന്റെ, കേസുമായ ബന്ധത്തെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും സൂചനകൾ പുറത്തുവന്നിരുന്നു. അപ്പോഴെല്ലാം അമ്മയുടെ ഭാരവാഹികൾ ഉൾപ്പെടെ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്.
ജൂണ് 28നു ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചപ്പോഴും ഇരുവരെയും സംഘടന പിന്തുണച്ചു. പിറ്റേന്ന് അമ്മയുടെ പൊതുയോഗത്തിൽ ചില താരങ്ങൾ നടിയെ ആക്രമിച്ച സംഭവം ചൂണ്ടിക്കാട്ടിയിട്ടും ഇരയെ പിന്തുണയ്ക്കാനോ ദിലീപിന്റെ വാദങ്ങളെ തള്ളാനോ നേതൃത്വം തയാറായില്ല.
തുടർന്നു നടന്ന പത്രസമ്മേളനത്തിൽ അമ്മ ഭാരവാഹികളും ജനപ്രതിനിധികളുമായ ഗണേഷ്കുമാർ, മുകേഷ്, ഇന്നസെന്റ് എന്നിവരും ദിലീപിനുവേണ്ടി മാധ്യമപ്രവർത്തകരോടു കയർത്തു. പത്രസമ്മേളനത്തിലെ മര്യാദവിട്ട പ്രകടനത്തിന്റെ പേരിൽ അമ്മ പ്രസിഡന്റ് ഇന്നസെന്റ് മാപ്പു ചോദിച്ചപ്പോഴും ദിലീപിനെ പിന്തുണയ്ക്കാൻ അദ്ദേഹം മറന്നില്ല.
അമ്മയുടെ അവസാനത്തെ പൊതുയോഗത്തിനു ശേഷം പല താരങ്ങളും ഫേസ്ബുക്കിലൂടെയും മാധ്യമങ്ങളിലൂടെയും നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. നടിക്കുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അമ്മയെ കുറ്റപ്പെടുത്തിയവരിൽ സിനിമാമേഖലയിൽ നിന്നുള്ളവർക്കു പുറമേ, രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും ഉണ്ടായിരുന്നു.
നടിക്കുനേരേയുള്ള അക്രമത്തിൽ പ്രതിഷേധിക്കാൻ ഫെബ്രുവരി 19നു കൊച്ചിയിൽ താരങ്ങൾ സംഗമിച്ചപ്പോൾ ദിലീപ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. അന്നു ദിലീപ് പറഞ്ഞ കാര്യങ്ങളും അമ്മയുടെ സംഘടനാവഴികളിൽ ദഹനക്കേടായി അവശേഷിക്കും. ഇന്ത്യൻ സിനിമാമേഖലയിൽ താരങ്ങളുടെ സംഘടന എന്ന ആശയം ആദ്യമായി യാഥാർഥ്യമായത് അമ്മയിലൂടെയാണ്.
460-ഓളം അംഗങ്ങളുള്ള അമ്മ, 2004ലെ സിനിമാതർക്കം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയിരുന്നു. 2008ൽ ഹിറ്റ് സിനിമയായ “ട്വന്റി ട്വന്റി’, അമ്മയുടെ വിജയവഴികളിൽ സുപ്രധാനമായിരുന്നു. ആ സിനിമയുടെ നിർമാണച്ചുമതല ഏറ്റെടുത്ത താരം ഇന്ന് അഴിക്കുള്ളിലാകുന്പോൾ, പ്രതിരോധത്തിലാവുന്നത് “അമ്മ’യും കൂടിയാണ്.