കൊച്ചി: നടൻ ഷെയ്ൻ നിഗത്തിന് നിർമാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനായി താര സംഘടനയായ അമ്മയുടെ നിർവാഹക സമിതി യോഗം ഇന്നു കൊച്ചിയിൽ ചേരും. അമ്മ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗം രാത്രി ഏഴിനാണ് ചേരുക.
ചർച്ചകൾക്കായി ഷെയ്നിനെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുള്ളതായാണു വിവരം. ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയിൽ, ഖുർബാനി എന്നീ സിനിമകളുടെ ചിത്രീകരണവും മുടങ്ങിയതോടെയാണ് ഷെയ്ൻ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്.
ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്ന നിലപാട് നിർമാതാക്കൾ സ്വീകരിച്ചപ്പോൾ പ്രതിഫലത്തർക്കത്തിൽ അമ്മയും നിർമാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിനുശേഷം മാത്രമേ ഡബ്ബിംഗ് പൂർത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണു ഷെയ്ൻ. മുടങ്ങിയ സിനിമകൾ പൂർത്തിയാക്കുന്ന കാര്യത്തിൽ ഷെയ്ൻ നിഗവുമായി ധാരണ ഉണ്ടാക്കാനാണ് അമ്മ സംഘടനയുടെ ശ്രമം.
അതേസമയം, ഷെയ്ൻ നിഗമിനെതിരെ കർശന നിലപാട് സ്വീകരിക്കാനൊരുങ്ങുകയാണ് നിർമാതാക്കളുടെ സംഘടന. ചർച്ചകളിൽ തീരുമാനമായില്ലെങ്കിൽ ഷെയ്നുമായി കരാറുണ്ടായിരുന്ന നാല് സിനിമകൾ കൂടി നിർമാതാക്കൾ ഉപേക്ഷിച്ചേക്കുമെന്നാണു പുറത്തുവരുന്ന വിവരങ്ങൾ.