കൊച്ചി: അമ്മയിലേക്ക് ഉടനൊന്നും ദിലീപ് മടങ്ങിയെത്തില്ലെന്നു സൂചന. ദിലീപിനെ പുറത്താക്കിയ തീരുമാനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോഴും പഞ്ഞമില്ല. പൃഥിരാജിനു വേണ്ടിയാണ് ദിലീപിനെ പുറത്താക്കിയതെന്ന വിമര്‍ശനം ഗണേഷ് കുമാര്‍ ഉയര്‍ത്തിയിരുന്നു. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റും ദിലീപിനൊപ്പമാണ്. ദിലീപ് അനുകൂലികളും മറുവിഭാഗവും തമ്മിലുള്ള പോര് തുടരുകയാണ്.
കുറ്റവിമുക്തനാക്കപ്പെട്ടതിനു ശേഷം മാത്രം അമ്മയില്‍ തിരിച്ചെത്തിയാല്‍ മതിയെന്ന നിലപാടിലാണ് ദിലീപ്. കോടതി നടപടികളെപ്പോലും ബാധിക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊണ്ടുപോകരുതെന്ന് ദിലീപ് തന്നെ അനുകൂലിക്കുന്നവരോടു പറഞ്ഞിട്ടുണ്ട്.
ദിലീപിനെ പുറത്താക്കിയ വിഷയത്തില്‍ മമ്മൂട്ടിയ്‌ക്കെതിരേ കരുക്കള്‍ നീക്കാനാണ് ഗണേഷിന്റെ ശ്രമം. അക്രമത്തിനിരയായ നടിയെ അപമാനിക്കുന്ന തരത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പൃഥിരാജും മഞ്ജു വാര്യരും അസ്വസ്ഥരാണ്. അതുകൊണ്ട് തന്നെ അമ്മയുമായി സഹകരിക്കണോ എന്ന സംശയം അവര്‍ പുലര്‍ത്തുന്നു. എന്നാല്‍ ദിലീപ് യോഗത്തിനെത്താത്ത സ്ഥിതിക്ക് പൃഥ്വി എത്തുമെന്നാണ് സൂചന. ദിലീപെത്തില്ലെന്നും അമ്മയുമായി സഹകരിക്കണമെന്നും പൃഥ്വിയോട് മുതിര്‍ന്ന നടന്മാര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം രണ്ടാം വാരം അമ്മയുടെ യോഗം ചേരും. ദിലീപ് മോചിതനായപ്പോള്‍ തന്നെ ഇന്നസെന്റ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചതാണ്. എന്നാല്‍ മോഹന്‍ലാലിന്റെ സൗകര്യം പരിഗണിച്ച് അടുത്തമാസം യോഗം വിളിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത്.
ദിലീപ് ഇല്ലാത്ത സാഹചര്യത്തില്‍ ആ വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കാനിടയില്ല. ഇരുവിഭാഗവുമായി മോഹന്‍ലാല്‍ ആശയവിനിമയം നടത്തുന്നുണ്ട്. ശ്രീകുമാര്‍ മേനോന്റെ ഒടിയന്റെ ഷൂട്ടിംഗിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഈ ചിത്രത്തിന്റെ ക്ലൈമാക്‌സാണ് ചിത്രീകരിക്കുന്നത്. മഞ്ജു വാര്യരും ലാലിനൊപ്പമുണ്ട്. മഞ്ജുവിനെയും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെയും ലാല്‍ അനുനയിപ്പിച്ചെന്നും സംസാരമുണ്ട്. പൃഥിയുമായും ലാല്‍ സംസാരിക്കും. എല്ലാവരെയും കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയതിനു ശേഷമായിരിക്കും യോഗം. ദിലീപിനെ പുറത്താക്കിയ സംഭവത്തില്‍ മമ്മൂട്ടിയ്‌ക്കെതിരേ ഗണേഷ് വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് അമ്മ പിളരാതെ നോക്കാനുള്ള ദൗത്യം മോഹന്‍ലാല്‍ ഏറ്റെടുത്തത്.
ദിലീപിന്റെ സ്ഥാനത്ത താനാണെങ്കില്‍ പൊന്നുകൊണ്ടു പുളിശേരി വച്ചുതരാമെന്നു പറഞ്ഞാലും അമ്മയിലേക്കു പോകില്ല. ദിലീപിന് ശക്തമായി സിനിമകളുമായി മുന്നോട്ടു പോകാം. ദിലീപിനു ജാമ്യം കിട്ടിയതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നു. മാധ്യമങ്ങള്‍ എത്ര ആക്രമിച്ചാലും ഇതാണു നിലപാട്. ജനങ്ങളും അദ്ദേഹത്തിനൊപ്പമാണ്; ഗണേശ് കുമാര്‍ വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പിന് മോഹന്‍ലാല്‍ രംഗത്തിറങ്ങിയത്. ദിലീപുമായും മഞ്ജുവുമായും ഗണേശുമായും അടുത്ത ബന്ധം മോഹന്‍ലാലിനുണ്ട്. പൃഥ്വിരാജുമായി അടുപ്പമുണ്ട്. ഇതെല്ലാം ഉപയോഗിച്ച് യുവതാരങ്ങളെ വിശ്വാസത്തിലെടുത്തൊരു ഫോര്‍മുലയ്ക്കാണ് മോഹന്‍ലാല്‍ തയ്യാറെടുക്കുന്നത്.