കൊച്ചി: നടിയുടെ ലൈംഗികപീഡന ആരോപണത്തിനു പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നടന് സിദ്ദിഖ് രാജിവച്ചതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തുന്നതിനായുള്ള നിര്‍ണായക എക്സിക്യൂട്ടീവ് യോഗം വൈകും.
17 അംഗ എക്സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയില്‍ ചേരാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം ഉള്ളതിനാലാണ് യോഗം മാറ്റിവച്ചത്. അദ്ദേഹം ഇപ്പോള്‍ ചെന്നൈയിലാണ്. പുതിയ തീയതി ഉടന്‍ അറിയിക്കും. ഈ ആഴ്ചയില്‍ തന്നെ യോഗം നടക്കുമെന്നാണ് സൂചന.
നിലവില്‍ ജോയിന്‍ സെക്രട്ടറി ബാബു രാജിനാണ് താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂര്‍ണമായും നിയമ വഴിയില്‍ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി സിദ്ദിഖ് ഊട്ടിയില്‍ നിന്ന് ഇന്ന് കൊച്ചിയില്‍ മടങ്ങി എത്തുമെന്നാണ് വിവരം.
സിദ്ദിഖിന്റെ രാജി ജനറല്‍ സെക്രട്ടറിയായി 55-ാം ദിവസം
കഴിഞ്ഞ ജൂണില്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് 55 ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് നടന് സിദ്ദിഖിന് രാജിവയ്ക്കേണ്ടിവന്നത്. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണ് അയാള്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് ഇ-മെയില്‍ വഴി അയച്ച രാജിക്കത്തില്‍ പറയുന്നത്.
“സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് പങ്കെടുത്ത തന്നെ തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ചര്‍ച്ചയ്ക്ക് എന്നു പറഞ്ഞാണ് വിളിച്ചത്. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. 2019 ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നുവെന്നും നടി വിശദമാക്കിയിരുന്നു.
ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന്റെ പിന്‍ഗാമിയായാണ് കഴിഞ്ഞ 24 വര്‍ഷക്കാലം താര സംഘടനയായ അമ്മയുടെ ഭരണ സമിതിയില്‍ അംഗമായി പ്രവര്‍ത്തിച്ച ജൂണ്‍ 30ന് സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2018 ല്‍ ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായതോടെ സെക്രട്ടറി സ്ഥാനത്തേക്ക് എത്തി. തൊട്ടടുത്ത സമിതിയില്‍ ട്രഷറര്‍ ആയിരുന്നു. അവിടെ നിന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി സിദ്ദിഖ് ഊട്ടിയില്‍നിന്ന് ഇന്നു കൊച്ചിയില്‍ മടങ്ങി എത്തുമെന്നാണ് വിവരം.
സിനിമാരംഗത്ത് കടുത്ത അനിശ്ചിതത്വം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന് ദിവസങ്ങള്‍ പിന്നിട്ട ശേഷം കഴിഞ്ഞ വെള്ളിയാഴ്ച അമ്മ ആസ്ഥാനത്ത് ഒരു ചടങ്ങിനായി ജനറല്‍ സെക്രട്ടറി സിദ്ദിഖ് പത്രസമ്മേളനം നടത്തിയിരുന്നു. പതിവില്‍നിന്നു വ്യത്യസ്തമായി തുടക്കം മുതല്‍ അമ്മയിലെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടായിരുന്നു. സിദ്ദിഖ് പറഞ്ഞതിനെ തള്ളിയില്ലെങ്കിലും ജഗദീഷിന്റെ നിലപാടുകളോട് അംഗങ്ങളില്‍ പലരും പിന്തുണച്ചു.
അമ്മ തെരഞ്ഞെടുപ്പില്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ പാനലിനെ വെല്ലുവിളിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച ജയന് ചേര്‍ത്തലയും മറ്റും സംഘടനയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു. അമ്മയുടെ അപ്രഖ്യാപിത ശത്രുവായ ഡബ്ല്യുസിസിയുടെ നിലപാടിനെ ജയന് പ്രശംസിച്ചപ്പോള്‍ ജഗദീഷ് അവരോടു മൃദുസമീപനം സ്വീകരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അന്‍സിബ ഹസന്, ഉര്‍വശി, ശ്വേത മേനോന് തുടങ്ങിയവരെല്ലാം തുറന്ന വിമര്‍ശനവുമായി രംഗത്തു വന്നതോടെ അമ്മ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണു നേരിട്ടത്.