കൊച്ചി: താരനിബിഡമായ അന്തരീക്ഷത്തില്‍ കൊച്ചിയില്‍ അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ്(അമ്മ)യുടെ ആസ്ഥാന മന്ദിരം തുറന്നു.
സിനിമാ മേഖലയില്‍നിന്നുള്ള നിരവധിപേരെ സാക്ഷികളാക്കി നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചാണ് ഉദ്ഘാടനം നടത്തിയത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു നടത്തിയ ചടങ്ങില്‍ നിലവിളക്ക് കൊളുത്തിയാണു താരങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചത്.
കലൂര്‍ ദേശാഭിമാനി റോഡില്‍ അഞ്ചു നിലകളിലായി ഉയര്‍ന്നിട്ടുള്ള ഈ “നക്ഷത്ര’ സൗധത്തിലാകും ഇനി മുതല്‍ മലയാള സിനിമയിലെ താരനക്ഷത്രങ്ങള്‍ സമ്മേളിക്കുക.
വന്‍കിട സൗകര്യങ്ങള്‍ അടങ്ങിയതാണു പുതിയ മന്ദിരം. ഗ്രൗണ്ട് ഫ്ളോറില്‍ റിസപ്ഷന് ഏരിയയും സന്ദര്‍ശകര്‍ക്കായി പ്രത്യേക ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.
മലയാളത്തിലെ മണ്മറഞ്ഞ താരങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ കൊളാഷാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.
ഓഫീസ് ജീവനക്കാര്‍ക്കായുള്ള മുറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഒന്നാം നിലയിലാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെയും സെക്രട്ടറി ഇടവേള ബാബുവിന്റെയും മുറികള്‍.
ചെറിയൊരു ലൈബ്രറിയും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കുള്ള മുറിയും ഈ നിലയിലുണ്ട്.
അമ്മയുടെ സംഘടനാ യോഗങ്ങള്‍ നടക്കുന്ന കോണ്‍ഫറന്‍സ് ഹാളാണു രണ്ടാം നിലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. മുന്നൂറോളം ഇരിപ്പിടങ്ങള്‍ ഇവിടെ ക്രമീകരിക്കാം.
മൂന്നാം നിലയില്‍ മാധ്യമ സമ്മേളനങ്ങള്‍ വിളിച്ച് ചേര്‍ക്കാനുള്ള ഹാളാണ്. നൂറിലധികം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇരിക്കാന്‍ കഴിയും. സിനിമാ പ്രദര്‍ശനത്തിനും ഇവിടെ സംവിധാനമുണ്ട്. സാംസ്കാരിക പരിപാടികള്‍ക്കായി ഈ ഹാള്‍ വിട്ടുനല്‍കാനും സാധിക്കും.
നാലാം നിലയില്‍ അംഗങ്ങള്‍ക്ക് എഴുത്തുകാരുമായോ സംവിധായകരുമായോ കൂടിക്കാഴ്ച നടത്താനുള്ള കാബിനുകളാണ്. സൗണ്ട് പ്രൂഫ് ഗ്ലാസുകൊണ്ടു വേര്‍തിരിച്ചതാണ് ഈ മുറികള്‍.
അഞ്ചാം നിലയില്‍ വിശാലമായ കഫറ്റേരിയ ആണ്. കാല് നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനുശേഷമാണ് അമ്മയ്ക്ക് ആസ്ഥാനമന്ദിരം ഒരുക്കിയത്. പത്ത് കോടി രൂപ ചെലവിലാണ് മന്ദിര നിര്‍മാണം പൂര്‍ത്തിയാക്കിയത്.
2019 നവംബറിലാണ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാണജോലികള്‍ വൈകുകയായിരുന്നു.
1994 മേയ് 31ന് തിക്കുറുശി സുകുമാരന്‍ നായരുടെ അധ്യക്ഷതയിലാണ് അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് എന്ന പേരില്‍ ഈ കൂട്ടായ്മ ആരംഭിക്കുന്നത്. അമ്മയുടെ ചുവട് പിടിച്ചാണു പിന്നീട് പല സംസ്ഥാനങ്ങളിലും അഭിനേതാക്കളുടെ സംഘടനകള്‍ക്കു രൂപംനല്കിയത്.