കൊച്ചി: താരസംഘടനയായ അമ്മയുടെ താരനിശ ഡിസംബർ ഏഴിന് അബുദാബിയിൽ നടക്കും. ഇത് സംബന്ധിച്ച് ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയും താരസംഘടനയായ അമ്മയും കൊച്ചിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. നിർമാതാക്കളുടെ നേതൃത്വത്തിൽ നടത്താനിരുന്ന താരനിശ 2019 മാർച്ചിൽ നടത്താനും യോഗത്തിൽ തീരുമാനമായി.
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി അബുദാബിയിൽ നടക്കുന്ന താരനിശയുടെ ഭാഗമായി നവംബർ 28 മുതൽ ഡിസംബർ ഒന്പതു വരെ ചിത്രീകരണ പരിപാടികൾ നിർത്തിവയ്ക്കണമെന്ന് അമ്മ ഭാരവാഹികൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിരുന്നു.
തങ്ങളോട് കൂടിയാലോചിക്കാതെ അമ്മ ഏകപക്ഷീയമായി തീരുമാനമെടുത്തതിൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എതിർപ്പ് രേഖപ്പെടുത്തി. ഇതോടെ അബുദാബിയിലെ താരനിശ അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ കൊച്ചിയിൽ അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ ഇരു സംഘടനകളും ചർച്ച നടത്തിയത്.
യോഗത്തിൽ പരിപാടികൾ നടത്തുന്നതു സംബന്ധിച്ചുള്ള കരാറിൽ ഇരു സംഘടനകളും ഒപ്പുവച്ചു. നിർമാതാക്കളുടെ നേതൃത്വത്തിൽ താരനിശ നടത്താൻ മൂന്ന് വർഷമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അമ്മ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. അമ്മ ഭാരവാഹികളായ ഇടവേള ബാബു, ജഗദീഷ് എന്നിവരും നിർമാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് ജി. സുരേഷ്കുമാർ, എം. രഞ്ജിത്, മണിയൻപിള്ള രാജു, സിയാദ് കോക്കർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.