വടകര: സഹപ്രവർത്തകയെ ആക്രമിച്ച കേസിൽ പ്രതിയായ നടനെ തിരിച്ചെടുത്തതിലൂടെ വേട്ടക്കാരന്റെ പക്ഷം ചേർന്ന താരസംഘടന ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും സംഘടന പിരിച്ചുവിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും റവല്യൂഷണറി യൂത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയെന്ന ഗുരുതരമായ കുറ്റാരോപണം നേരിടുന്ന നടനെ പിന്തുണക്കുകയും അതിക്രമത്തെ അതിജീവിച്ച നടിയെ നിരന്തരം അവഹേളിക്കുകയും ചെയ്യുന്നത് നവോഥാന സമൂഹത്തിന് പൊറുക്കാനാവില്ല. അത്യന്തം ഗൗരവമായ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയ നടനെ നിരപരാധിയെന്ന മുൻവിധിയോടെ താരസംഘടന പിന്തുണക്കുന്നത് സിനിമാ മേഖലയിൽ എക്കാലവും നിലനിൽക്കുന്ന പുരുഷമേധാവിത്വത്തിന്റെ തെളിവാണ്.
സ്വന്തം സഹപ്രവർത്തകയെ ക്വട്ടേഷൻ സംഘങ്ങളാൽ അപമാനിച്ച കുറ്റവാളിയെ തിരിച്ചെടുക്കുക വഴി നാടിന്റെ നവോഥാന മൂല്യങ്ങളെ പണാധിപത്യത്താൽ അട്ടിമറിക്കാനുള്ള ഗൂഡ നീക്കമാണ് ജനം ഹൃദയത്തിലേറ്റിയ സിനിമാ പ്രവർത്തകരിൽ നിന്നുണ്ടാകുന്നത് എന്നത് അത്യന്തം ഗൗരവകരവും സാംസ്കാരിക കേരളത്തിന് അപമാനവുമാണ്.
എംപിയും എംഎൽഎ മാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നേതൃത്വം നൽകുന്ന സംഘടനയാണ് ഇത്തരത്തിൽ സ്ത്രീവിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ നിലപാട് സ്വീകരിക്കുന്നത്. സിനിമകളെ സാംസ്്കാരിക ഇടപെടൽ എന്നതിലപ്പുറം സാംസ്കാരിക വ്യവസായമായി മാറ്റിയിരിക്കുന്നു.
വിപണിയുടെ മൂലധന താൽപര്യങ്ങൾക്കനുസരിച്ച് പണക്കൊഴുപ്പിന്റെയും താരാധിപത്യത്തിന്റെയും കാസ്റ്റിംഗ് കൗച്ചിന്റെയും അശ്ലീലത്തിൽ നിന്ന് മലയാള സിനിമയെ മോചിപ്പിച്ചേ മതിയാവൂ. മാനവിക ജനാധിപത്യ മൂല്യങ്ങൾക്കുനേരെ ആക്രോശിക്കുന്ന അമ്മയെന്ന ജീർണതയുടെ കൂടാരത്തിന് തീകൊളുത്തി ജനാധിപത്യ ബോധമുള്ള ചലച്ചിത്ര പ്രവർത്തകർ സിനിമയുടെ സർഗാത്മക സാധ്യതയുടെ പുതിയ വഴി തുറന്ന് മുന്നോട്ട് വരണമെന്നും റവല്യൂഷണറി യൂത്ത് ആവശ്യപ്പെട്ടു.