കൊച്ചി: മലയാള സിനിമയെ ഒന്നാകെ പിടിച്ചു കുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്ട്ടില് താരസംഘടനയായ “അമ്മ’യില് ഭിന്നത കടുക്കുന്നു. നടന് ജഗദീഷ് കൊളുത്തിയ തീയാണ് ഇപ്പോള് മറ്റ് താരങ്ങളിലേക്ക് ആളിപ്പടരുന്നത്. ജഗദീഷ് എടുത്ത നിലപാട് ആശ്വാസകരവും അഭിമാനപരവുമായിരുന്നുവെന്നും അത്തരം നിലപാടുകള് അപൂര്വമാണെന്നുമാണ് പല സഹതാരങ്ങളും അഭിപ്രായപ്പെടുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് അമ്മയ്ക്ക് എതിരായുള്ളത് അല്ലെന്നും സംഘടനയെ പ്രതിസ്ഥാനത്ത് നിറുത്തിയിട്ടുമില്ലെന്ന് അമ്മ ജനറല് സെക്രട്ടറി സിദ്ദിഖ് ഇന്നലെ പത്രസമ്മേളത്തില് പറഞ്ഞിരുന്നു. കുറ്റകൃത്യങ്ങള് നടക്കുന്നിട്ടുണ്ടെങ്കില് പോലീസ് കേസെടുത്ത് നടപടി സ്വീകരിക്കണം.
പ്രതിസ്ഥാനത്ത് നില്ക്കുന്നവരെ സംഘടന സംരക്ഷിക്കില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില് ഒരു മേഖലയെ അടച്ചാക്ഷേപിക്കുന്ന രീതി നല്ലതല്ലെന്നുമാണ് സിദ്ദിഖ് പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിനുശേഷം ഏറെ വൈകിയാണ് പേരിനായി മാത്രം ഇന്നലെ അമ്മ ഭാരവാഹികള് പത്രസമ്മേളനം നടത്തിയതും.
അതേസമയം സിദ്ദിഖിന് തള്ളി കൂടുതല് അഭിനേതാക്കള് ഇപ്പോള് രംഗത്ത് എത്തിയിരിക്കുകയാണ്. വിഷയത്തില് സൂപ്പര് താരങ്ങള് ഉള്പ്പെടെയുള്ളവരുടെ മൗനവും എടുത്തു പറയേണ്ടതാണ്. സിദ്ദിഖിന്റെ വാദങ്ങളെ തള്ളി ‘അമ്മ’ വൈസ് പ്രസിഡന്റും നടനുമായ ജഗദീഷ് ഇന്നലെ തന്നെ രംഗത്ത് എത്തിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പൂര്ണമായും സ്വാഗതാര്ഹമെന്നും ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും ജഗദീഷ് വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്ട്ടില്നിന്നു നഷ്ടപ്പെട്ടുവെന്നു പറയുന്ന അഞ്ചു പേജുകള് എങ്ങനെ ഒഴിവായി എന്നതിനു സര്ക്കാര് വിശദീകരണം നല്കേണ്ടിവരും.
ആര്ട്ടിസ്റ്റുകള് ഉന്നയിച്ച ആരോപണത്തിനുമേല് അന്വേഷണം നടത്തണം. സിനിമയ്ക്കുള്ളില് പുഴുക്കുത്തുകള് ഉണ്ടെങ്കില് അത് പുറത്തുകൊണ്ടുവരണമെന്നും അതിന്റെ ഉത്തരവാദിത്വം ‘അമ്മ’ ഏറ്റെടുക്കണമെന്നുമാണ് തന്റെ അഭിപ്രായമെന്നും ജഗദീഷ് പ്രതികരിച്ചിരുന്നു. ജഗദീഷിന്റെ നിലപാടിനെ പിന്തുണച്ച് ഇപ്പോള് കൂടുതല് അഭിനേതാക്കള് പ്രതികരണവുമായി എത്തിയിരിക്കുകയാണ്.