തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ മലയാളതാരങ്ങളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയെ വിമർശിച്ച് മന്ത്രി കെ.കെ. ശൈലജ. അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മനസറിയാനും കൂടെ നിൽക്കാനും കഴിയാത്തവർക്ക് സാംസ്കാരിക പ്രവർത്തകരാവാൻ അവകാശമില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
താരസംഘടനയുടെ പുരുഷാധിപത്യപ്രവണതയാണ് പുറത്തു വന്നിരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പേജിലാണ് മന്ത്രി കെ.കെ ശൈലജ താരസംഘടനയായ അമ്മയ്ക്കെതിരെ വിമർശനമുന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ- മലയാള സിനിമാ മേഖലയിലെ ഒട്ടും ആശാസ്യമല്ലാത്ത പ്രവർത്തികളാണ് സംഘടനയിലെ പുരുഷാധിപത്യ പ്രവണതയിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഉന്നത നീതി ബോധം പുലർത്തേണ്ട ഒരു സംഘടനയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നിലപാടാണ് ആനുകാലിക സംഭവങ്ങളിലൂടെ പുറത്തുവന്നത്. സ്ത്രീപക്ഷ നിലപാടുകളെ ഉൾക്കൊള്ളാനും അതു ഉയർത്തിപ്പിടിക്കാനും മാറിയ കാലഘട്ടത്തിൽ ഒരു സംഘടനയ്ക്ക് കഴിയുന്നില്ലെങ്കിൽ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോവും.
അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മനസറിയാനും കൂടെ നിൽക്കാനും കഴിയാത്തവർക്ക് സാംസ്കാരിക പ്രവർത്തകരാവാൻ അവകാശമില്ല.പ്രതികരിക്കാൻ തീരുമാനിക്കുകയും രാജിവെക്കുകയും ചെയ്തു. സഹോദരിമാർക്ക് ഒപ്പം സാംസ്കാരിക കേരളം നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. സാമൂഹ്യനീതി വകുപ്പ് മന്ത്രിയെന്ന നിലയിൽ നാലുപേർക്കും എല്ലാ പിന്തുണയും അറിയിക്കുന്നു.