അമ്മയില്‍ നിന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ രാജിവച്ചതോടെ പുതിയ സംഘടനയ്ക്ക് അരങ്ങൊരുങ്ങുന്നു. അടുത്തമാസം പകുതിയോടെ അഭിനേതാക്കളുടെ പുതിയ സംഘടന നിലവില്‍ വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഒരു യുവ സംവിധായകന്റെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മയ്ക്കുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതേസമയം തങ്ങളുടെ അംഗങ്ങളാരും പുതിയ സംഘടനയില്‍ ചേരാതിരിക്കാന്‍ അമ്മ മുന്‍കരുതല്‍ ശക്തമാക്കിയിട്ടുണ്ട്.
ഒരു സംവിധായകനാണ് പുതിയ സംഘടനയ്ക്കു വേണ്ടുന്ന ഉപദേശങ്ങളും നിയമസഹായവും നല്‍കുന്നത്. സൂപ്പര്‍ താരങ്ങള്‍ ഒതുക്കിയ ഒരു മുന്‍കാല നടനെ നേതൃസ്ഥാനത്ത് അവരോധിച്ചാകും പുതിയ സംഘടനയുടെ പ്രവര്‍ത്തനം. സിനിമ താരങ്ങള്‍ക്കു പുറമേ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്കും ജൂണിയര്‍ താരങ്ങള്‍ക്കും സംഘടനയില്‍ അംഗത്വം ലഭിക്കും.
അമ്മയില്‍ മെംബര്‍ഷിപ്പ് ലഭിക്കാന്‍ വലിയ കടമ്പകള്‍ കടക്കണം. അംഗത്വ ഫീസായി പതിനായിരങ്ങള്‍ നല്‍കണം. കൂടാതെ ഇത്ര സിനിമയില്‍ അഭിനയിക്കുകയും വേണം. ഇതിനെല്ലാം ഉപരി അമ്മയുടെ തലപ്പത്ത് ഉള്ളവരുടെ പ്രീതി നേടുകയെന്നത് അത്യാവശ്യവും. പുതിയ സംഘടന ഈ കീഴ്വഴക്കങ്ങളെല്ലാം തെറ്റിക്കുന്നതാകും.
മഞ്ജു വാര്യര്‍ പുതിയ സംഘടനയ്ക്ക് അനുകൂലമാണെങ്കിലും പരസ്യമായി രംഗത്തു വരില്ല. ഇനിയൊരു സംഘടനാ പ്രവര്‍ത്തനത്തിനും താല്പര്യമില്ലെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. രണ്ടു സംവിധായകരും കണ്ണൂരില്‍ നിന്നുള്ള ഒരു നിര്‍മാതാവുമാണ് പുതിയ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ വഹിക്കുന്നത്. അതേസമയം പൃഥ്വിരാജ് അടക്കമുള്ള അഭിനേതാക്കള്‍ ഇതുവരെ മനസു തുറന്നിട്ടില്ല. അമ്മയുമായി ഇനി സഹകരിക്കില്ലെന്ന് പൃഥ്വി വ്യക്തമാക്കിയിട്ടുണ്ട്.