ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ സ്നേഹത്തിന്റെ ഉദാഹരണമായി അമ്മയുടെയും കുഞ്ഞിന്റെയും സ്നേഹത്തെ ഉയർത്തിക്കാട്ടാറുണ്ട്. സ്വന്തം മക്കൾക്കുവേണ്ടി എന്തു വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറാകുന്ന അമ്മമാർക്ക് പ്രചോദനമാവുകയാണ് ഡോ. ഫാത്തിമ ജെത്പുർവാല എന്ന അമ്മയുടെ ജീവിത കഥ.
ഇരുപതാമത്തെ വയസിലായിരുന്നു ഫാത്തിമയുടെ വിവാഹം. ഒരു വർഷത്തിനു ശേഷം മകൻ പിറന്നു. അവർ അവന് ഹുസൈൻ എന്നു പേരു നല്കി. ജനിച്ച് പതിനഞ്ചു മാസങ്ങൾക്കുശേഷമാണ് ഹുസൈന് തലച്ചോറിന്റെ തകരാറുമൂലമുണ്ടാകുന്ന സെറിബ്രൽ പാൾസി എന്ന അസുഖമാണെന്നു തിരിച്ചറിയുന്നത്. പേശികളുടെ വളർച്ചയെയും ശരീരത്തിന്റെ ചലനശേഷിയെയും ബാധിക്കുന്ന ഈ രോഗം ഒരു സാധാരണ ജീവിതം നയിക്കാൻ തന്റെ മകനെ അനുവദിക്കില്ലെന്ന് വേദനയോടെ ഈ അമ്മ മനസിലാക്കി.
എന്നാൽ, ഈ പ്രതിസന്ധിക്കു മുന്നിൽ തളരാൻ അവർ തയാറായിരുന്നില്ല. ഹുസൈന് അഞ്ചു വയസായപ്പോഴേക്കും സ്പെഷൽ എഡ്യുക്കേഷനിൽ ബിഎഡ് എടുത്ത ഫാത്തിമ മകനു വിദ്യാഭ്യാസം നൽകിത്തുടങ്ങി.
അസുഖത്തിന്റെ അസ്വസ്തതകൾ നിമിത്തം മകനെ ഇടയ്ക്കിടെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതായി വന്നു. പല ചികിത്സകളും നടത്തിയെങ്കിലും അവയൊന്നും ഫലപ്രദമായിരുന്നില്ല. ആ ഇടയ്ക്കാണ് ഹോമിയോപ്പതിയേപ്പറ്റി ഫാത്തിമ അറിയാനിടയായത്. ഫോമിയോ ചികിത്സ മകന്റെ അവസ്ഥയ്ക്കു മാറ്റം വരുത്തുന്നുണ്ടെന്നു മനസിലാക്കിയ ഫാത്തിമ ഈ ചികിത്സാരീതി പഠിക്കാൻ തീരുമാനിച്ചു. അങ്ങനെ തന്റെ മുപ്പത്തഞ്ചാം വയസിൽ അവർ ഹോമിയോ ഡോക്ടറായി.
ഹുസൈൻ വളർന്നപ്പോൾ തനിക്കും ഡോക്ടറാകണമെന്ന ആഗ്രഹം അമ്മയെ അറിയിച്ചു. ഹുസൈൻ ഹോമിയോപ്പതി മെഡിസിനിൽ ബിരുദം നേടിയപ്പോൾ ഫാത്തിമ തന്റെ 47ാം വയസിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. മകന്റെ പഠനത്തിനു താങ്ങും തണലുമായി നിൽക്കാൻ ഇതു ഫാത്തിമയെ സഹായിച്ചു.