ആലപ്പുഴ: രക്ഷിതാക്കളാൽ ഉപേക്ഷിക്കപ്പെടുന്ന പിഞ്ചുജന്മങ്ങൾക്ക് അഭയമായി സംസ്ഥാനത്താരംഭിച്ച അമ്മത്തൊട്ടിലിന് പുതുജീവനുമായി സംസ്ഥാന ശിശുക്ഷേമ സമിതി. സാങ്കേതി പിഴവുമൂലം പലയിടത്തും അമ്മത്തൊട്ടിലിന്റെ പ്രവർത്തനം താറുമാറായ സാഹചര്യത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇവയുടെ നവീകരണം.
ഒരു സ്പ്രിംഗിന്റെ ചലനം കൊണ്ട് മാത്രം പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലുകളിൽ പലപ്പോഴും കുഞ്ഞിനെക്കിടത്തിയാലും അലാറം ശബ്ദിക്കാതെ വരുകയും കുഞ്ഞിനെ സമീപത്ത് പാതയോരങ്ങളിലും മറ്റും ഉപേക്ഷിച്ചുപോകുകയും ചെയ്യുന്ന സംഭവങ്ങളിൽ സംസ്ഥാനത്ത് പലയിടത്തായി നടന്നിരുന്നു. ഇത് അമ്മത്തൊട്ടിലിന്റെ വിശ്വാസ്യതയെ നശിപ്പിച്ചു.
സമൂഹത്തിന് മാതൃകകളാകേണ്ട പിഞ്ചുജന്മങ്ങളെ കൃത്യമായ സമയത്ത് സംരക്ഷിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് അമ്മത്തൊട്ടിലുകളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഷ്ക്കരിച്ച തൊട്ടിലുകൾ ഫെബ്രുവരിയിൽ സംസ്ഥാനത്ത് പ്രവർത്തിച്ചുതുടങ്ങും.
നിലവിലെ രീതിയിൽ നിന്നും വ്യത്യസ്തമായി സ്കാനറും കാമറയും ഉപയോഗിച്ചാവും പുതിയവ പ്രവർത്തിക്കുക. 40 ഗ്രാമിന് മുകളിലുള്ള മനുഷ്യജീവനുകളെ പുതിയ സംവിധാനം ഡിറ്റക്ട് ചെയ്യും. കുഞ്ഞിനെ വച്ചാലുടൻ കുഞ്ഞിന്റെ ഫോട്ടോയടക്കം അധികൃതരുടെ അടുത്തേക്ക് സന്ദേശമെത്തും.
അഞ്ചുമിനിട്ടിനുള്ളിൽ കുഞ്ഞിനെ ഏറ്റെടുത്ത് സംരക്ഷണമാരംഭിക്കും. ഓരോ ജോഡി ഉപകരണങ്ങളും കറണ്ടുപോയാൽ പ്രവർത്തിക്കാൻ യുപിഎസ് സംവിധാനവുമുള്ളതിനാൽ യാതൊരു കാരണവശാലും സാങ്കേതിക തടസമുണ്ടാകില്ലായെന്ന് അധികൃതർ ഉറപ്പുനൽകുന്നു. ജില്ലാ കളക്ടർ ശിശുക്ഷേമസമിതി തുടങ്ങിയവ അമ്മത്തൊട്ടിൽ നിരീക്ഷിക്കും.
ഏറ്റെടുക്കുന്ന കുഞ്ഞുങ്ങളെ ഫൗണ്ട്ലിംഗ് ഹോമുകളിൽ കൊണ്ടുവന്ന് വിദഗ്ധ പരിചരണം ലഭ്യമാക്കി ആറുമാസത്തിനുള്ളിൽ ആരോഗ്യമുള്ള കുഞ്ഞുങ്ങളായി വാർത്തെടുക്കും. ആരോഗ്യപരിശോധനയുടെ അടിസ്ഥാനത്തിൽ ദത്തെടുക്കൽ നടപടികൾ സ്വീകരിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
നിലവിൽ സംസ്ഥാനത്ത് കോഴിക്കോട് ഒഴികെ എല്ലാ ജില്ലകളിലുമായി 14 അമ്മത്തൊട്ടിലുകളാണുള്ളത്. ഇവയിൽ പലതും പ്രവർത്തനരഹിതമാണ്. തന്നെയുമല്ല യോജ്യമായ സ്ഥലങ്ങളിലല്ല പലതും സ്ഥാപിച്ചിട്ടുള്ളത്. നിലവിലെ കുറവുകൾ പരിഹരിച്ചാവും പുതിയ അമ്മത്തൊട്ടിലുകൾ കുഞ്ഞുങ്ങൾക്കായി കൈനീട്ടുക.