ഡബ്ല്യുസിസി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി താരസംഘടന ‘അമ്മ’ രംഗത്ത്. ദിലീപ് നിരപരാധിയോ, അപരാധിയോ എന്ന് കരുതുന്നില്ലെന്ന് അമ്മ വക്താവ് ജഗദീഷ് പ്രസ്താവനയില്‍ പറയുന്നു. നടിക്ക് നീതി ലഭിക്കണമെന്നാണ് നിലപാടെന്നും സംഘടന വിശദീകരിക്കുന്നു. ദിലീപിനെ കോടതിവിധിക്കുമുന്‍പ് പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്‌സിക്യൂട്ടീവില്‍ മുന്‍തൂക്കം.
രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ, ഇത് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് ജഗദീഷ് അറിയിച്ചു. ഡബ്ല്യുസിസി ഉന്നയിച്ച പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണുന്നതിനിടെ പ്രളയമെത്തി. അമ്മയുടെ അംഗങ്ങളും പ്രളയക്കെടുതിയില്‍പ്പെട്ടുവെന്ന് അമ്മ വക്താവ് പറഞ്ഞു. പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വൈകാതെ പ്രത്യേക ജനറല്‍ബോഡി വിളിക്കും. മോഹന്‍ലാലിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. കുറ്റാരോപിതനായ വ്യക്തിയെ പുറത്താക്കുന്നത് നിയമപരമല്ല. ജദഗീഷ് പറയുന്നു.
തര്‍ക്കങ്ങള്‍ക്കപ്പുറം ധാര്‍മികതയില്‍ ഊന്നിയുള്ള തീരുമാനമുണ്ടാകുമെന്ന് പ്രത്യാശയുണ്ടെന്നും പ്രശനപരിഹാരങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കൊപ്പമെന്നും അമ്മ സംഘടന അറിയിച്ചു. മാതൃകാപരമായ തീരുമാനം ഉണ്ടാകുമെന്നു കരുതിയാണ് ഓഗസ്റ്റ് 7ന് നടന്ന അമ്മ നിര്‍വാഹക സമിതിയില്‍ ചര്‍ച്ചയ്ക്കു പോയതെന്നു സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമ കലക്ടീവ്) കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.