കൊച്ചി: സംഘടനയിൽനിന്നു പിന്തുണ കിട്ടിയില്ലെങ്കിൽ സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു താരസംഘടനയായ എഎംഎംഎ (അമ്മ) യുടെ പ്രസിഡന്റ് മോഹൻലാൽ. എല്ലാ അംഗങ്ങളുടെയും പിന്തുണയോടെ മുന്നോട്ടു പോകാനാണ് ശ്രമമെന്നും കൊച്ചിയിൽ ചേർന്ന സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പരിഹരിക്കാൻ പറ്റാത്ത സങ്കീർണമായ പ്രശ്നങ്ങളൊന്നും സംഘടനയിലില്ല. ഏതൊരു അംഗത്തിനും അവരുടെ ആശയങ്ങൾ പങ്കവയ്ക്കാനുള്ള അവസരമുണ്ട്. ജനറൽ ബോഡിയിൽ അംഗങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ടോ ഒരു വോട്ടിംഗ് മുഖേനയോ പറയാനുള്ള സന്ദർഭം ഒരുക്കും. പുറത്തുനിന്നുള്ള റിട്ട. ജഡ്ജിയെ ഉൾപ്പെടുത്തി അവരുടെ നിയമോപദേശങ്ങൾ നേടി സ്ഥിരമായൊരു ഡിസിപ്ലിനറി കമ്മിറ്റി രൂപവത്ക്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ഉപദ്രവിച്ച കേസിൽ അമ്മ ഭാരവാഹികളായ ഹണിറോസ്, രചന നാരായണൻകുട്ടി എന്നിവർ കക്ഷിചേരാനുള്ള തീരുമാനം സംഘടനയുടേതല്ലെന്നു ട്രഷറർ ജഗദീഷ് പറഞ്ഞു. സംഘടന രചനയോടും ഹണിയോടും ആക്രമിക്കപ്പെട്ട നടിക്ക് എന്തൊക്കെ സഹായങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ചർച്ച ചെയ്തിരുന്നു. കക്ഷി ചേരാനുള്ള തീരുമാനം അവർ സ്വയം എടുത്തതാണ്. ഹർജിയിൽ വന്ന പിഴവുകൾ തിരുത്തുമെന്നും ജഗദീഷ് പറഞ്ഞു.
തങ്ങൾ കൊടുത്ത ഹർജി പിൻവലിക്കില്ലെന്നു രചന നാരായണൻകുട്ടി പറഞ്ഞു. ഹർജിയിൽ സുഹൃത്തിന് എതിരായി വന്ന ഭാഗം നീക്കം. ആക്രമിക്കപ്പെട്ട നടിയുമായി ചർച്ച ചെയ്തില്ലായെന്നതാണ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച. 32 വർഷത്തെ പ്രവർത്തിപരിചയമുള്ളയൊരു അഭിഭാഷകനാണ് നടിക്കുവേണ്ടി ഹാജരാകുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും രചന പറഞ്ഞു.