കൊച്ചി: കടുത്ത നിലപാടുമായി കൂടുതൽ നടിമാർ രംഗത്തെത്തിയതോടെ താരസംഘടനയായ അമ്മക്ക് മേൽ സമ്മർദം കൂടുതൽ കടുക്കുന്നു. 14 ഓളം നടിമാരാണ് അമ്മയുടെ അംഗത്വം നിരാകരിക്കാനുള്ള കാരണം വ്യക്തമായി രംഗത്തെത്തിയത്.
വിമെൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ലുസിസി) ന്റെ ഫേസ് ബുക്ക് പേജിലാണ് സജിത മഠത്തിൽ, അമല അക്കിനെനി, രഞ്ജിനി പിയർ, കനി കുസൃതി തുടങ്ങിയ 14 പേർ നിലപാട് വ്യക്തമാക്കിയത്. അമ്മയെ എഎംഎംഎ എന്നാണ് ഇവർ കുറിപ്പിൽ വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ സംഘടനയായി രൂപം കൊണ്ടിട്ട്.
മലയാള സിനിമാലോകത്തെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഡബ്ലുസിസി മുന്നോട്ടു വയ്ക്കുന്ന വിഷയങ്ങളുടെ ഗൗരവം മനസിലാക്കി ഈ സംഘടനയുടെ ഭാഗമായി. അവരിൽ അഭിനേത്രികളും ടെക്നീഷ്യൻമാരും ഉണ്ട്. ഏറെ അറിയപ്പെടുന്നവരും പുതുതായി ഈ രംഗത്തേക്കു വന്നവരും ഉണ്ട്.
അമ്മ സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടിനെക്കുറിച്ച് അവരുടെ അഭിപ്രായങ്ങളും ഡബ്ലുസിസിയുടെ പേജിലൂടെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഇന്ന് അമ്മയിൽ അംഗമല്ലാത്ത അഭിനേത്രികൾ എന്തുകൊണ്ട് അമ്മയിൽ നിന്ന് അംഗത്വമെടുക്കാതെ മാറി നിൽക്കുവാൻ ആഗ്രഹിച്ചു എന്നതിന്റെ കാരണങ്ങളാണ് അവർ നിരത്തുന്നത്.
തുടർന്ന് അംഗത്വം നിരാകരിക്കാനുള്ള കാരണങ്ങളും ഇവർ അക്കമിട്ട് നിരത്തുന്നുണ്ട്. അഭിജ ശിവകല, അർച്ചന പദ്മിനി, ദർശന രാജേന്ദ്രൻ, ദിവ്യ ഗോപിനാഥ്, ദിവ്യ പ്രഭ, ജോളി ചിറയത്ത്, സംയുക്ത നന്പ്യാർ, ശാന്തി ബാലചന്ദ്രൻ, ഷൈലജ അബു, സുജാത ജനനേത്രി തുടങ്ങയവരാണ് അമ്മയിലേക്കില്ലെന്ന് വ്യക്തമാക്കിയ മറ്റുള്ളവർ.
ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ അമ്മയിൽ നിന്നും രാജിവച്ചവർക്കും ഡബ്ല്യുസിസി പ്രവർത്തകർക്കും പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്രമേഖലയിലെ 100 ഓളം പേർ ഒപ്പിട്ട പ്രസ്താവന കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. അതേസമയം വിമർശനങ്ങൾ ഏറിയതോടെ അമ്മ നേതൃത്വം തിരുത്തലിന് തയ്യാറാകുന്നതായും സൂചനയുണ്ട്.
പ്രതിഷേധം ശക്തമായി ഒരാഴ്ച കഴിഞ്ഞ് പുറത്തിറക്കിയ മോഹൻലാൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ തിരുത്തലുകൾ നടപ്പാക്കാമെന്ന് പറയുന്നുണ്ട്്. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ അമ്മയുടെ നിലപാടുകളിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന.