സ്വന്തം ലേഖകൻ
കോഴിക്കോട്: പ്രായം 74 പിന്നിടുമ്പോഴും തെങ്ങുകയറ്റം ജീവിതചര്യയാക്കി ഇവിടെയൊരു വയോധികൻ. കോഴിക്കോട് ജില്ലയിലെ പേരാന്പ്രയ്ക്കടുത്ത കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി കിഴക്കെമഠത്തിൽ കെ.എം.അമ്മദ് എന്ന തനി നാട്ടുന്പുറത്തുകാരൻ അങ്ങനെ പലതുകൊണ്ടും വ്യത്യസ്തനാകുന്നു. ഹൃദയത്തിനുണ്ടായ ബ്ലോക്ക് പ്രകൃതിചികിത്സ നടത്തി മാറ്റിയ ശേഷവും അമ്മദ്ക്കാ ദിവസവും ശരാശരി 30 തെങ്ങുകൾ കയറുന്നു.
ഭക്ഷണ ക്രമീകരണവും, തെങ്ങുകയറ്റമെന്ന ദിനചര്യയും മൂലം ഇപ്പോൾ പൂർണ ആരോഗ്യവാനായ ഇദ്ദേഹം എത്ര ഉയരമുള്ള കൊന്നത്തെങ്ങിലും പാഞ്ഞുകയറും. ഗൾഫിൽ ലക്ഷങ്ങൾ ശന്പളം പറ്റുന്ന രണ്ട് ആൺമക്കൾ ഉണ്ടായിട്ടും തെങ്ങ്കയറ്റം ഉപേക്ഷിക്കാൻ ഇദ്ദേഹം തയാറല്ല. ഇരുപതാമത്തെ വയസിൽ തെങ്ങിൽ കയറി തുടങ്ങിയതാണ്. കിഴക്കൻ പേരാന്പ്രയിൽ ചായക്കച്ചവടം നടത്തിവരുന്പോഴാണ് വാശിക്ക് തെങ്ങുകയറ്റം ആരംഭിച്ചത്.
” ചെറുപ്പത്തിലെ വാപ്പ മരിച്ചതിനാൽ ആടെ ഞാൻ ചായക്കച്ചവടം നടത്തിവരുന്പോഴാണ് ഒരു വാശിക്ക് ഇപ്പണി തുടങ്ങിയത്. ഞാടെ കുടുംബത്തിന് 80 ഓളം തെങ്ങുകളുണ്ട്. സ്ഥിരമായി തേങ്ങ വലിയ്ക്കുന്നയാൾ ന്റെ ചായക്കടയിലാണ് ഭക്ഷണം കഴിക്കുക. പറ്റുപൈസ കൂടിയപ്പോൾ ഞാൻ പണം ചോദിച്ചു.
അതിന്റെ പേരിൽ അയാൾ ഞാടെ പറന്പിലെ തേങ്ങവലി നിർത്തി. എനിക്കന്ന് 20 വയസാണ്. മുസ്ലിം സമുദായത്തിൽ പെട്ടവർ അക്കാലത്ത് ഇപ്പണിയ്ക്ക് പോകൂല. ഉണങ്ങിവീണും, കുലയൊടിഞ്ഞും കൃഷി നശിക്കാൻ തുടങ്ങി. ഒരു വാശിക്ക് അങ്ങനെ ഞാൻ തെങ്ങുകയറ്റം തുടങ്ങി. തളപ്പിട്ടായിരുന്നു കയറ്റം. സ്പീഡ് ആയതോടെ പുറമെയും തേങ്ങവലിക്കാൻ പോയിത്തുടങ്ങി. ഇരുപത് വർഷം തുടർച്ചയായി ഇപ്പണി ചെയ്തു. ‘
” തേങ്ങവലിച്ചുണ്ടാക്കിയ പണംകൊണ്ട് മൂന്ന് മക്കളെയും പഠിപ്പിച്ചു. രണ്ട് ആൺമക്കൾക്ക് ഒമാനിൽ ജോലി, മോളെ കെട്ടിച്ചയച്ചു. ഇതിനിടെയാണ് ചങ്കിൽ ബ്ലോക്കുണ്ടായത്. പ്രകൃതി ചികിത്സ നടത്തി രോഗം പാടെ മാറി. കുറെക്കാലം വാഴക്കുല കച്ചവടം നടത്തിനോക്കി. ആരോഗ്യം മെച്ചപ്പെടാത്തതിനാൽ വീണ്ടും തെങ്ങുകയറ്റം സ്ഥിരമാക്കി. ഭക്ഷണം നിയന്തിക്കുന്നതിനാൽ ഇപ്പോ ഒരസുഖവുമില്ല. ഇറച്ചീം, പാലും, ചായേം ഒന്നും ഞാൻ തൊടുല്ല. ചെറിയതരം മീനും, രാവിലെ 30 ഗ്രാം തേനും കഴിയ്ക്കും, ഒരു കൊയപ്പോമില്ല. മെഷീൻ വന്നതോടെ തെങ്ങ്കയറ്റം എളുപ്പമായി.
പൈസ അയച്ചുതരാം , വാപ്പ ഇനി പണിക്കു പോകേണ്ടെന്ന് മക്കൾ പലതവണ പറഞ്ഞു. അനക്ക് ചെലവിനുള്ള പണം തരാൻ കയ്യും, പച്ചേങ്കില് ന്റെ ആരോഗ്യം തരാൻ കയ്യോ എന്നൊരു ചോദ്യം ഞാനങ്ങ് ചോദിച്ചതോടെ ഓര് വായടച്ചു’.വീട് പണിയാൻ നാലു ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തിരുന്നു. മക്കൾക്ക് വേറെ വീടുകളുണ്ട്. ഞാനെടുത്ത കടം ഞാൻ തന്നെ വീട്ടേണ്ടേ. മാസം പതിനായിരം രൂപ വീതം വായ്പയിലേക്ക് അടയ്ക്കും.
അതിനായി നാട്ടിലെ പണിക്കു പുറമെ കോഴിക്കോട് നഗരത്തിലും അമ്മദ്ക്കാ തെങ്ങ് കയറുന്നു. കോഴിക്കോട് നഗരത്തിലെ ചേവരന്പലം, സിവിൽസ്റ്റേഷൻ, നല്ലളം, മലാപ്പറന്പ് എന്നിവിടങ്ങളിലായി എനക്ക് തോനെ കസ്റ്റമേഴ്സുണ്ട്. തലേന്ന് വിളിച്ചാൽ പിറ്റേന്ന് ഈടെയെത്തും. നഗരത്തിൽ തെങ്ങു കയറാനായി ഒരു ജോഡി മെഷീൻ കോഴിക്കോട്ട് സൂക്ഷിച്ചിരിക്കയാണ്.
നാലാം ക്ളാസുകാരനായ ഇദ്ദേഹത്തിന്റെ പ്രധാന ഹോബി വായനയാണ്. മലയാളത്തിലുള്ള എന്തും വായിക്കും. ഭക്ഷണം നിയന്ത്രിച്ചോളൂ, നന്നായി കായികാധ്വാനം ചെയ്തോളൂ, ആർക്കും ഒരു രോഗവും വരില്ല 32 പല്ലുമുളള വായതുറന്ന് അമ്മദ്ക്കാ ചിരിക്കുന്നു.