പിലിക്കോട്: പാറുവമ്മയ്ക്കും നാരായണിക്കും അന്തിയുറങ്ങാൻ സുരക്ഷിതമായ കിടപ്പാടം ഒരുങ്ങി. തകർന്നു വീഴാൻ പാകത്തിലുള്ള ദ്രവിച്ച പഴയ കൊച്ചു കുടിലിൽ ദുരിത ജീവിതം നയിക്കുന്ന പിലിക്കോട് പടുവളത്തെ കോതോളി പടിഞ്ഞാറേപ്പുരയിൽ പാറുവിനും കൈകാലുകൾ തളർന്ന കെ.പി. നാരായണിക്കുമുള്ള ‘അമ്മക്കൂട്’ എന്ന് പേരിട്ടിട്ടുള്ള കൊച്ചു വീട് ഇന്ന് കൈമാറും.
സുരക്ഷയില്ലാതെയും ഭീതിയോടെയും കഴിയുന്ന ഇരുവരുടെയും ജീവിതം ‘ദീപിക’യിൽ വാർത്തയായി വന്നതോയോടെയാണ് ഇവരുടെ ആഗ്രഹത്തിന് പൂർത്തീകരണമായത്. വാർത്ത ശ്രദ്ധയിപ്പെട്ട ചന്തേര ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ചന്തേര ന്യുബാക് എഫ്സി പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി, അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംഗ് അസോസിയേഷൻ തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇരുവർക്കുമായി കൊച്ചു വീട് നിർമിച്ചത്.
രണ്ടു മുറികളും അടുക്കളയും ശുചിമുറിയും ഉൾപ്പെടുന്ന സൗകര്യങ്ങൾ ഇവിടെയുണ്ട്. മൂന്നാഴ്ച കൊണ്ട് നിർമാണം പൂർത്തിയാക്കിയാണ് ഇന്ന് താക്കോൽ കൈമാറുന്നത്. ന്യുബാക് എഫ്സി ക്ലബ് പ്രവർത്തകരും ജനമൈത്രി പോലീസും അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിംഗ് അസോസിയേഷൻ ഭാരവാഹികളും നിരന്തരം ഇടപെടൽ നടത്തിയതിലൂടെയാണ് ഏതാണ്ട് 1.70 ലക്ഷം രൂപ ചെലവിൽ വീട് ഒരുക്കാനായത്.
വീട്ടുവളപ്പിൽ ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ പി. കരുണാകരൻ എംപി, കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ തുടങ്ങിയവർ മുഖ്യാതിഥികളായെത്തും. ചന്തേര ന്യുബാക് എഫ്സി ക്ലബ് പ്രവർത്തകർ താക്കോൽ ദാന ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് പായസദാനവും നടത്തും.