സിനിമാ താരങ്ങളേയും, എഴുത്തുകാരേയും, ഗായകരേയുമെല്ലാം ആരാധിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ചിലപ്പോഴൊക്കെ അവരെയൊന്നു നേരിട്ട് കണ്ടെങ്കിൽ എന്നു കൊതിക്കാറുമുണ്ട്. ആരാധനയ്ക്ക് പ്രായമില്ലെന്ന് കാട്ടിത്തരികയാണ് പറവൂരിലെ അമ്മാളു അമ്മ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ആ അമ്മയുടെ വീഡിയോ ആണ് ചർച്ച. സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് അമ്മാളു അമ്മ. മമ്മൂട്ടിയെ നേരിട്ട് കാണമെന്നാണ് അവരുടെ ആഗ്രഹം. അങ്ങനെയെങ്കിൽ അത് നടത്തിക്കളയാമെന്ന തീരുമാനത്തിൽ സീരിയൽ താരം സീമ. ജി. നായരും രംഗത്തെത്തി. സീരിയൽ താരം എന്നതിലുപരി സാമൂഹിക സേവനത്തിലും സീമയെന്ന നന്മയെ കുറിച്ച് നമുക്ക് സുപരിചിതമാണ്. അമ്മാളു അമ്മയുടെ ആഗ്രഹം നിറവേറാൻ അവർ മുന്നിട്ടിറങ്ങിയതോടെ അതങ്ങ് സാധിച്ചു കൊടുത്തു.
കാലങ്ങളായി കൈയിൽ കരുതിയ മമ്മൂട്ടിയുടെ ഒരു ഫോട്ടോയും കൊണ്ടാണ് ആ അമ്മയുടെ വരവ്. അങ്ങനെ അമ്മാളു അമ്മ മമ്മൂട്ടിയെ കാണാനായി എത്തി. നിറ കണ്ണുകളോടെ അമ്മാളു അമ്മയെ മമ്മൂട്ടി വരവേറ്റു. ഈ സന്തോഷ കാഴ്ചയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ചലച്ചിത്ര താരം രമേശ് പിഷാരടി ഇങ്ങനെ കുറിച്ചു.
പറവൂരിൽ ഉള്ള അമ്മാളു അമ്മയുടെ ആഗ്രഹം സാമൂഹ്യ മാധ്യമങ്ങൾ വഴിയും, ചില സുഹൃത്തുക്കൾ വഴിയും അറിഞ്ഞിരുന്നു. നമ്മുടെ മമ്മുക്കയെ നേരിൽ ഒന്ന് കാണണം. സീമ ചേച്ചി ആണ് ഈ വിഷയം വീണ്ടും നിർബന്ധപൂർവം അറിയിച്ചത്. സമൂഹത്തിനു തന്നാൽ കഴിയുന്ന നന്മകൾ ചെയുന്ന ആളാണ് സീമ ചേച്ചി. അമ്മാളു അമ്മയുടെ ആഗ്രഹം അത്രമേൽ ആത്മാർത്ഥവും, ഗഹനവും ആയിരുന്നത് കൊണ്ടാവണം. അത് സംഭവിച്ചു. കൈയിൽ ഒരു കവറിൽ തനിക്കു പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല.