കൊല്ലം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാതാ അമൃതാനന്ദമയി ഭക്തരെ കാണുന്നതും ആലിംഗനം ചെയ്യുന്നതും നിർത്തിവച്ചു.
കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
അമൃതപുരി ആശ്രമത്തിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ഇന്ത്യയിലുള്ളവർക്കും വിദേശ പാസ്പോർട്ടുള്ളവർക്കും വിലക്ക് ബാധകമാണ്. പകൽസമയത്ത് സന്ദർശനത്തിന് എത്തുന്നവർക്കു രാത്രിയിൽ മഠത്തിൽ തങ്ങുന്നതിനു നിയന്ത്രണമുണ്ട്.
പ്രാർഥനയിലൂടെയും ദൈവാനുഗ്രഹത്തിലൂടെയും ഇപ്പോഴത്തെ സാഹചര്യം മാറുമെന്നാണു കരുതുന്നതെന്നും ആശ്രമം പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തു 31 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു ഭക്തർക്കു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പ് നൽകിയ പ്രത്യേക നിർദേശപ്രകാരമാണ് ആശ്രമത്തിൽ പ്രവേശനം വിലക്കിയതെന്നും ആശ്രമം വിശദീകരിക്കുന്നു.