തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. കോവിഡ് കാലത്ത് ജനിച്ച ആണ്‍കുഞ്ഞായതിനാൽ വിജയ് എന്നാണ് കുഞ്ഞിനു പേരിട്ടത്. മഞ്ചേരി മെഡിക്കൽ കോളജിലെ അമ്മത്തൊട്ടിലിലാണ് ഇന്നലെ പുലർച്ചെ പൂർണ ആരോഗ്യമുള്ള രണ്ടു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചത്.
കോവിഡ് അതിജീവനത്തിലേക്കു നാടിനെ നയിക്കുന്ന സർക്കാരിനും പോലീസ്-ആരോഗ്യ-സാമൂഹ്യ-സന്നദ്ധ പ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതീകാത്മകമായി വിജയ് എന്നു പേരിട്ടിരിക്കുന്നതെന്നു സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ പത്രക്കുറിപ്പിൽ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് സംസ്ഥാനത്തെ അമ്മത്തൊട്ടിലിൽനിന്ന് കുഞ്ഞിനെ ലഭിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളജ് കോവിഡ് പരിചരണ കേന്ദ്രമാക്കി മാറ്റിയതിനാൽ കുട്ടിയെ തുടർ പരിശോധനകൾക്കായി മലപ്പുറം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
സംസ്ഥാനത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 269-ാമത്തെ കുട്ടിയാണ് വിജയ്. മഞ്ചേരി അമ്മത്തൊട്ടിലിൽ ലഭിക്കുന്ന അഞ്ചാമത്തെ കുരുന്നും. ഈ കുട്ടിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ട തിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെ ങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.