കൊയിലാണ്ടി: ഇന്നു വരും നാളെ വരും എന്ന് കരുതി കാത്തിരിപ്പ് തുടങ്ങീട്ട് കാലമേറെയായി, ഇതുവരെ അവന്റെ നിഴലാട്ടം പോലും കാണാനില്ല. അവനെ ഒരു നോക്ക് കണ്ടിട്ട് കണ്ണടഞ്ഞാൽ മതിയായിരുന്നു...
എട്ട് വർഷം മുമ്പ് കാണാതായ മകനു വേണ്ടി വഴിക്കണ്ണുമായി കാത്തിരിപ്പ് തുടരുന്ന മീനാക്ഷി എന്ന വൃദ്ധ മാതാവിന്റെ തേങ്ങലാണിത്.
മകന്റെ തിരിച്ചുവരവിന് വേണ്ടിയുള്ള പ്രാർഥന തുടരുമ്പോഴും പണി തീരാത്ത വീട്ടിൽ ഈ അമ്മക്ക് കൂട്ടിരിക്കാൻ ആകെയുള്ളത് മാനസികമായി താളം തെറ്റിയ മൂത്തമകനും വിവാഹിതയായ മകളും മാത്രം.
കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് പുളിഞ്ഞോളിത്താഴ കുനി മീനാക്ഷിയുടേയും ഹരിദാസന്റെയും മകൻ ബിജു (ബിജോയ് -30) എന്ന ദളിത് യുവാവിന്റെ തിരോധാനമാണ് ഉത്തരമില്ലാത്ത ചോദ്യ ചിഹ്നമായി മാറുന്നത്.
പത്താം ക്ലാസ് വരെ വിദ്യാഭ്യാസമുണ്ടായിരുന്ന ബിജു കൂലിവേലയും കോൺക്രീറ്റ് പണിയും ചെയ്ത് ദരിദ്രകുടുംബത്തിന് താങ്ങായിരുന്നു.
നാട്ടിലെ ആഘോഷങ്ങളിലും കായിക വിനോദങ്ങളിലും സജീവമായിരുന്നു ബിജു.ഇതിനിടെ ചുരുങ്ങിയ വർഷക്കാലം പ്രവാസ ജീവിതം നയിച്ച ബിജു കാര്യമായ സമ്പാദ്യമില്ലാതെ നാട്ടിൽ തിരിച്ചെത്തുകയും വീണ്ടും തന്റെ പഴയ തൊഴിലിൽ വ്യാപൃതനാവുകയും ചെയ്തു.
സാധാരണ പോലെ ഒരു ദിവസം കൂലിപ്പണിക്കായി വീട്ടിൽ നിന്നിറങ്ങിയ ബിജു ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല.
വീട്ടിൽ നിന്നിറങ്ങിയാൽ പലപ്പോഴും ദിവസങ്ങൾ കഴിഞ്ഞ് തിരിച്ചു വരുന്ന പതിവുള്ളതിനാൽ തിടുക്കപ്പെട്ട അന്വേഷണങ്ങൾക്ക് വീട്ടുകാർ മുതിർന്നതുമില്ല.
ഇതിനിടെ ബിജുവിനെ പല സ്ഥലങ്ങളിലും വച്ചുകണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിൽ പ്രതീക്ഷ കൈവിടാതെ പിതാവായ ഹരിദാസൻ കൊയിലാണ്ടി പോലീസിൽ പരാതി നൽകി.
സമൂഹമാധ്യമങ്ങളിൽ പലതവണ ബിജുവിന്റെ തിരോധാനത്തെക്കുറിച്ചുള്ള വാർത്തകൾ വന്നെങ്കിലും ഫലമുണ്ടായില്ല.
നീണ്ട കാത്തിരിപ്പിന് ശേഷവും അന്വേഷണം തുടരുന്നു എന്ന സ്ഥിരം പല്ലവി ആവർത്തിച്ച് പൊലീസ് അധികൃതരും നിസംഗത പുലർത്തി.